അതിവേഗ റെയിൽപാത: ഡിഎംആർസിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു,

മലപ്പുറം: അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൻ്റെ ഭാഗമായി മെട്രോമാൻ ഇ ശ്രീധരൻ്റെ നേതൃത്വത്തിൽ മലപ്പുറം പൊന്നാനിയിൽ ഡിഎംആർസിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ യോഗങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക ഉത്തരവിന് കാത്തുനിൽക്കാതെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നത്.
തൻ്റെ ജീവനക്കാർക്ക് നൽകാനുള്ള ഏറ്റവും വലിയ ഉപദേശം ചെയ്യുന്ന കാര്യങ്ങൾ നാട്ടുകാർക്ക് ഒരു ഉപദ്രവവും ഉണ്ടാകുന്നതാകരുത് എന്നതാണ്. ജനങ്ങൾക്ക് പ്രയാസകരമായ ഒന്നും ചെയ്യരുത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരം നമ്മൾതന്നെ കണ്ടെത്തണമെന്നും അങ്ങനെയൊരു സംസ്കാരം അവർക്ക് ഉണ്ടാക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാർ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുകയാണെന്നും ഔദ്യോഗികമായി ജോലികൾ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എത്തിയശേഷം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചുനൽകും.ഓഫിസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം .
"പദ്ധതി നടപ്പിലാക്കുമ്പോൾ നാട്ടുകാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതിനാണ് മുൻഗണന. ഒരാളുടെ വീട് സംരക്ഷിക്കാൻ സാധിക്കുമെങ്കിൽ, റെയിൽ പാതയിൽ ചെറിയ മാറ്റങ്ങൾ വരുത്തിപ്പോലും അത് ചെയ്യണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേവലം രണ്ട് മിനിറ്റ് ലാഭിക്കാൻ വേണ്ടി ഒരാളുടെ വീട് പൊളിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സർവേ ഉദ്യോഗസ്ഥർ വരുന്നതിന് മുൻപുതന്നെ നാട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യും. ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. നാട്ടുകാരുടെ പൂർണ വിശ്വാസം നേടിയെടുത്ത് മാത്രമേ സർവേ നടപടികളുമായി മുന്നോട്ട് പോകൂ."
പൊന്നാനിയിലെ ഇ ശ്രീധരൻ്റെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് പുതിയ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്. ഇ ശ്രീധരൻ്റെ ഭാര്യ രാധ ശ്രീധരൻ നിലവിളക്ക് കൊളുത്തിയാണ് ഓഫിസിൻ്റെ ഉദ്ഘാടനകർമം നിർവഹിച്ചത്. ചടങ്ങിൽ ഇ ശ്രീധരൻ്റെ കുടുംബാംഗങ്ങളും റെയിൽവേയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരും പങ്കെടുത്തു. ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥർ നേരത്തെതന്നെ എത്തിയിരുന്നു.ഉദ്ഘാടനത്തിനുശേഷം ഇ ശ്രീധരനുമായി ഇവർ കൂടിയാലോചനകൾ നടത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെയും ചിത്രങ്ങൾ സ്ഥാപിച്ച ഓഫിസ് മുറിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഓഫിസിലേക്കാവശ്യമായ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉടൻ എത്തിക്കും.
കേന്ദ്ര റെയിൽവേ മന്ത്രി വിദേശത്തായിരുന്നതിനാലാണ് പ്രഖ്യാപനങ്ങൾ വൈകിയതെന്നും മന്ത്രി തിരിച്ചെത്തിയ സാഹചര്യത്തിൽ ഡിപിആർ തയാറാക്കാനുള്ള ഔദ്യോഗിക നിർദേശം ഉടൻ ഡിഎംആർസിക്ക് ലഭിക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ജനുവരി 16ന് റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഓഫിസ് തുറന്ന് പ്രവർത്തനം വേഗത്തിലാക്കുന്നത്. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും, റെയിൽവേ മന്ത്രാലയത്തിൽനിന്ന് ലഭിച്ച വാക്കാലുള്ള ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ചയ്ക്കകം ഡിപിആർ തയാറാക്കാനുള്ള നിർദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കുക എന്ന ദൗത്യമാണ് ഇപ്പോൾ മുന്നിലുള്ളത്. ഇതിനായി മുഖ്യ ഉപദേഷ്ടാവായി ഇ ശ്രീധരൻ പ്രവർത്തിക്കും. ഡിപിആർ തയാറാക്കുന്നതിനായി 13.1 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതിയുടെ ഘടനയും അലൈൻമെൻ്റും
നിർദിഷ്ട അതിവേഗ റെയിൽ പാതയുടെ ഘടന സംബന്ധിച്ചും വ്യക്തമായ ധാരണയുണ്ട്. പാതയുടെ 70 ശതമാനം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും, 20 ശതമാനം തുരങ്കങ്ങളിലൂടെയും, ബാക്കി 10 ശതമാനം പ്രതലത്തിലൂടെയും ആയിരിക്കും നിർമിക്കുക. റെയിൽപാതയുടെ അലൈൻമെൻ്റ് എങ്ങനെ പോകണം, ഏതൊക്കെ സ്റ്റേഷനുകൾ വേണം എന്നതൊക്കെ തീരുമാനിക്കും. സ്റ്റേഷനുകൾ എവിടെ സ്ഥാപിക്കണം, അത് എലിവേറ്റഡ് ആണോ അതോ ഭൂമിക്കടിയിലൂടെയാണോ വേണ്ടത് എന്ന് നേരിട്ട് പോയി നോക്കി ഓരോ സ്ഥലത്തെയും സാഹചര്യം വിലയിരുത്തി തീരുമാനിക്കും. സ്റ്റേഷനിൽനിന്ന് സ്റ്റേഷനുകളിലേക്ക് എങ്ങനെ പോകണം എന്ന പ്ലാൻ തയാറാക്കും. ഗൂഗിൾ മാപ്പോ സർവേ ഓഫ് ഇന്ത്യയുടെ മാപ്പോ ഉപയോഗിച്ച് പ്ലാൻ തയാറാക്കുകയും കൈകൊണ്ട് വരച്ചുണ്ടാക്കുകയും ചെയ്യും. പിന്നീട് ജീവനക്കാർ ഓരോരുത്തരും നേരിട്ട് ആ സ്ഥലങ്ങളിലൂടെ നടന്നുപരിശോധിക്കും.
യഥാർഥ ഫീൽഡ് വർക്ക് ജൂൺ ഒന്നാം തീയതി ആകുമ്പോഴേക്ക് തീർക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂണിന് ശേഷം മഴക്കാലമായതിനാലാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി ഫീൽഡ് വർക്ക് തുടങ്ങുന്നത്. ഇതിനുള്ള ഏജൻസിയെ നിശ്ചയിക്കും. 22 കിലോമീറ്റർ വീതമുള്ള 21 ക്യാമ്പുകളാണ് ഉള്ളത്. ഇത് നടന്നു കണ്ട് കാര്യങ്ങൾ തീരുമാനിക്കാൻ രണ്ട് ദിവസം മതിയാകും. അതിനുള്ള ഉപദേശങ്ങൾ ജീവനക്കാർക്ക് നൽകും. അതിനുശേഷമേ സർവേ പാർട്ടി ഫീൽഡിലേക്ക് ഇറങ്ങുകയുള്ളൂ.
അത്യാധുനിക രീതിയിലുള്ള ടോപ്പോ സർവേയും സോയിൽ സർവേയും നടത്തും. ലിഡാർ സർവേയല്ല, മറിച്ച് മാനുവൽ ആയിട്ടാണ് സർവേ ചെയ്യാൻ പോകുന്നത്. ഓരോ 50 മീറ്ററിലോ 100 മീറ്ററിലോ സെൻട്രൽ പില്ലർ മാത്രമേ ഇപ്പോൾ അടയാളപ്പെടുത്തുകയുള്ളൂ. അതും ചെറിയ കുറ്റികൾ മാത്രമേ അടിക്കൂ. ഇപ്പോൾ മഞ്ഞക്കല്ലുകൾ ഒന്നും ഇടാൻ പോകുന്നില്ലെന്നും ഒരു സമയത്ത് അത് ഇടുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ ഭൂമിയാണ് വരുന്നത്, എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരും, അതിന് എത്ര ബാധ്യത വരും എന്നൊക്കെ ഇതിലൂടെ കണക്കാക്കും. ഇക്കാര്യത്തിൽ വളരെ കൃത്യതയോടെയാകും മുന്നോട്ട് പോവുക..
സമയം എന്നത് പണമാണെന്നും ജോലി വേഗത്തിൽ തീർന്നില്ലെങ്കിൽ ചെലവ് കൂടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൊങ്കൺ റെയിൽവേയുടെ ഉൾപ്പെടെ പല ഡിപിആറുകളും തയാറാക്കിയിട്ടുള്ള അനുഭവസമ്പത്ത് ഉള്ളതിനാൽ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. താമസം നേരിട്ടാൽ പദ്ധതിയുടെ ചെലവ് വർധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.