"കേരളത്തിനായുള്ള അതിവേഗ റെയിൽപാത, വിശദമായ രൂപരേഖ തയാറാക്കിയശേഷം , പ്രഖ്യാപനം ഉണ്ടാകും " : ഇ. ശ്രീധരൻ

"കേരളത്തിനായുള്ള അതിവേഗ റെയിൽപാത, വിശദമായ രൂപരേഖ  തയാറാക്കിയശേഷം , പ്രഖ്യാപനം ഉണ്ടാകും " : ഇ. ശ്രീധരൻ

മലപ്പുറം: കേന്ദ്ര ബജറ്റിൽ കേരളത്തിനായുള്ള അതിവേഗ റെയിൽപാത പ്രഖ്യാപിക്കാത്തതിനെ നെഗറ്റീവായി കാണേണ്ടതില്ലെന്നും പദ്ധതിക്കായി വിശദമായ രൂപരേഖ (ഡിപിആർ) തയാറാക്കിയ ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും മെട്രോമാൻ ഇ ശ്രീധരൻ. ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (ആർആർടി) നടക്കില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി 16ന് രാവിലെ 10.30ന് റെയിൽവേ ബോർഡിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. നിലമ്പൂർ-നഞ്ചൻകോട് പാതയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യത്തിനായി പോയപ്പോഴാണ് കേരളത്തിന് അത്യന്താപേക്ഷിതമായ ഈ പദ്ധതിയെക്കുറിച്ച് സംസാരിച്ചത്. സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഈ വിഷയത്തിൽ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് എന്താണ് തടസമെന്നും ആദ്യം എന്താണ് ചെയ്യേണ്ടതെന്നും മന്ത്രി ആരാഞ്ഞു. ഇതിന് മറുപടിയായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുകയാണ് വേണ്ടതെന്ന് ഇ ശ്രീധരൻ അറിയിച്ചു. റിപ്പോർട്ട് തയാറാക്കുന്നതിനുള്ള ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ഏൽപ്പിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിർദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട മുൻപരിചയവും ഡാറ്റയും ഡിഎംആർസിയുടെ കൈവശമുള്ളതിനാൽ ഏഴോ എട്ടോ മാസത്തിനുള്ളിൽ റിപ്പോർട്ട് പൂർത്തിയാക്കാൻ സാധിക്കും. മറ്റാരെങ്കിലും ആണ് ഇത് ചെയ്യുന്നതെങ്കിൽ ഒന്നോ ഒന്നരയോ വർഷം സമയമെടുക്കുമെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി.

ഇ ശ്രീധരൻ്റെ നിർദേശം കേട്ട ഉടൻ തന്നെ മന്ത്രി തൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് ഡിപിആർ തയാറാക്കുന്നതിന് ആവശ്യമായ അനുമതി നൽകാൻ നിർദേശിച്ചു. ഡിഎംആർസി തയാറാക്കുന്ന റിപ്പോർട്ട് പിന്നീട് റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും. റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരം ഈ വാർത്തയ്ക്ക് പ്രചാരണം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ ഉടൻ തന്നെ മന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.ഡിപിആർ തയാറാക്കാനുള്ള ഔദ്യോഗിക ഉത്തരവ് ഡിഎംആർസിക്കാണ് ലഭിക്കുക. അത് തനിക്കോ സംസ്ഥാന സർക്കാരിനോ അല്ല. ഉത്തരവ് ലഭിച്ചാൽ ഡിഎംആർസി തന്നെ വിവരം അറിയിക്കും. മൂന്ന്- നാല് ദിവസത്തിനുള്ളിൽ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. ചെറിയ കാര്യങ്ങൾക്ക് പെട്ടെന്ന് ഫലം ലഭിക്കില്ലെങ്കിലും മന്ത്രി തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു.

സർവേ ഉടൻ തുടങ്ങും

ജൂൺ-ജൂലൈ മാസങ്ങളിൽ മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രധാനപ്പെട്ട ഫീൽഡ് സർവേ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. മഴ വന്നാൽ സർവേ നടത്താൻ സാധിക്കില്ല. അതിനാൽ സമയം പാഴാക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി ഓഫിസ് നാളെത്തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തുടർകാര്യങ്ങൾ റെയിൽവേ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും ഓരോ ജില്ലകളിലും പോയി ജനങ്ങളുമായി സംവദിക്കുന്ന കാര്യത്തിൽ ഉടൻ തന്നെ പദ്ധതി തയാറാക്കുമെന്നും ഇ ശ്രീധരൻ അറിയിച്ചു.