ഹിജാബ് വിവാദം: "വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ആശങ്കാജനകം" :സീറോ മലബാർ സഭ

എറണാകുളം: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ. സ്കൂളിലെ വിഷയത്തിൽ കോടതി തീരുമാനം നൽകിയതാണ്. വിഷയത്തിന് ഒരു പരിഹാരം ഉണ്ടായതിന് ശേഷമുള്ള മന്ത്രിയുടെ ഈ നിലപാട് ആശങ്കാജനകമെന്നും സിറോ മലബാർ സഭ കുറ്റപ്പെടുത്തി.
ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ മന്ത്രിക്ക് അവകാശമില്ല. ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യത മന്ത്രിക്ക് ഉണ്ടാകാൻ പാടില്ല. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട കോടതി വെല്ലുവിളിക്കുകയാണോ എന്നും സീറോ മലബാർ സഭ ചോദിച്ചു.മന്ത്രിക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു. വിദ്യാർഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെടുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നത്. സ്കൂൾ അധികൃതരുടെ ഭാഗത്താണ് വീഴ്ചയെന്നും മന്ത്രി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ സ്‌കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സഭ രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർത്ഥിനിയുടെ പിതാവ് സ്‌കൂളിൽ നിലനിൽക്കുന്ന നിയമത്തിനനുസരിച്ചു മുന്നോട്ടുപോകാൻ തയ്യാറാണെന്ന് അറിയിക്കുകയും അതുപ്രകാരം പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സ്‌കൂൾ ഇന്ന് തുറക്കുമെന്ന് സ്‌കൂൾ അധികാരികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് വിദ്യാഭ്യാസ മന്ത്രി സ്‌കൂളിനെതിരെയുള്ള പരാമർശവുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നത്. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തി സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു .വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സംഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം എന്നും മന്ത്രി പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തിൽ എസ്‌ഡിപിഐ ഇടപ്പെട്ട് സംഘർഷാവസ്ഥയിലേയ്ക്ക് മാറിയ സാഹചര്യത്തിൽ സ്‌കൂൾ അടച്ചിട്ടിരുന്നു .ഇന്ന് സ്‌കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചിരിക്കയാണ്. കോടതിവിധിയെ തടുക്കാൻ മന്ത്രിക്കു കഴിയില്ലാ എന്ന് ഇന്ന് സ്‌കൂൾ പിടിഎ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.