ഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജ് 36-ാം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ വിദ്യാഭ്യാസരംഗത്ത് തിളക്കമാർന്ന വിജയങ്ങളോടെ മൂന്നരപതിറ്റാണ്ട് പിന്നിട്ട  ഹോളി ഏയ്ഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജിൻ്റെ  36-ാം വാർഷികം   ഉത്സവപൊലിമയോടെ   വർണ്ണാഭമായി സ്‌കൂൾ അങ്കണത്തിൽ ആഘോഷിച്ചു . ഫൗണ്ടർ ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മഞ്ജുശ്രീ പാട്ടിൽ (Founder Director, Aotman Academy)  സെന്റ് സേവിയേഴ്‌സ് കോളേജ് അസ്സോസിയേറ്റ് ഡീൻ ഡോ .ഷൈസൺ ഔസേപ്പ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ ബിജോയി ഉമ്മൻ  സ്വാഗതപ്രഭാഷണം നടത്തി . സ്കൂളിൻ്റെ  തുടർച്ചയായ വളർച്ചയും പുരോഗതിയും അഭിമാനത്തോടെ അദ്ധേഹം ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ സമഗ്ര വികസനത്തിന് പിന്നിലെ ശക്തിയായി ഫൗണ്ടർ ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡിന്റെ അക്ഷീണ പരിശ്രമവും കഠിനാധ്വാനവും അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു .ബോർഡ് പരീക്ഷകളിൽ 100% വിജയനേട്ടം സ്കൂൾ കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിദ്യാഭ്യാസ മേഖലയിലെ ആധുനിക വെല്ലുവിളികളും വിദ്യാർത്ഥികളുടെ സമഗ്രവികാസത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർണായക പങ്കും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തുടർന്ന് പ്രധാന അധ്യാപിക  നീതു ശർമ്മ വാർഷിക അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങൾ, സഹപാഠ്യ പ്രവർത്തനങ്ങൾ, വിവിധ മേഖലകളിലെ പ്രകടനങ്ങൾ എന്നിവയുടെ സമഗ്ര അവലോകനം വേദിയിൽ വിവരിച്ചു .

കുട്ടികൾ നമ്മുടെ 'പക്ഷികൾ '

വിശിഷ്ടാതിഥി  മഞ്ജുശ്രീ പാട്ടിൽ കുട്ടികളെ “നമ്മുടെ പക്ഷികൾ” എന്ന് വിശേഷിപ്പിച്ചു. ഓരോ കുട്ടിയിലും വ്യത്യസ്ത പ്രതിഭയും ശേഷിയും ഉള്ളതിനാൽ കുട്ടികളെ പരസ്പരം താരതമ്യം ചെയ്യരുതെന്ന് രക്ഷിതാക്കളെയും അധ്യാപകരെയും അവർ ഉപദേശിച്ചു. കുട്ടികളുടെ ശക്തികളെ തിരിച്ചറിയുകയും അവർക്കു യോജിച്ച രീതിയിൽ വളർത്തുകയും  വേണം എന്നവർ ഊന്നിപ്പറഞ്ഞു. എസ്.എസ്.സി.യും എച്ച്.എസ്.സി.യും ബോർഡ് പരീക്ഷകളിൽ 100% മാർക്ക് നേടിയ വിദ്യാർത്ഥികളെ മഞ്ജുശ്രീ പാട്ടിൽ പ്രത്യേകമായി അഭിനന്ദിച്ചു.

ഡോ. ഷൈസൺ ഔസേപ്പ് കുട്ടികൾക്ക് വ്യത്യസ്ത കഴിവുകളും ശേഷികളും ഉണ്ടെന്നും ഓർമ്മിപ്പിച്ചു. കുട്ടികളുടെ മൂല്യങ്ങൾ, പ്രതിഭകൾ, സാധ്യതകൾ എന്നിവ തിരിച്ചറിയുകയും വളർത്തിപ്പോറ്റുകയും ചെയ്യുന്നത് കുടുംബം, വിദ്യാഭ്യാസസ്ഥാപനം, സമൂഹം എന്നിവയുടെ സംയുക്ത ഉത്തരവാദിത്വമാണെന്ന് അദ്ദേഹംർ ഓർമ്മപ്പെടുത്തി .

ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റിലീലാ ഉമ്മൻ, ജൂനിയർ കോളേജ് കോ-ഓർഡിനേറ്റർ ശിവകുമാർ ശൺമുഖൻ, ഏയ്ഞ്ചൽസ് പാരഡൈസ് കോ-ഓർഡിനേറ്റർ  ലത നാരായൺ എന്നിവർ  സന്നിഹിതരായിരുന്നു.ശിവകുമാർ, 2026 മുതൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ബൈ-ഫോക്കൽ കോഴ്‌സിന് രണ്ട് ഡിവിഷനുകൾ ആരംഭിക്കുന്ന അനുമതി ലഭിച്ചവിവരം വേദിയിൽ വെച്ച് അറിയിച്ചു. കൂടാതെ, ക്ലാസ് XI സയൻസിൽ മൂന്നാം ഡിവിഷൻ  ആരംഭിച്ചവിവരവും പങ്കുവെച്ചു . ഡിഗ്രി കോളേജിന്റെ അക്കാദമിക് വിപുലീകരണത്തിന്റെ ഭാഗമായി B.Sc. കമ്പ്യൂട്ടർ സയൻസ്, B.Sc. ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റ സയൻസ്, ഫോറൻസിക്സ് തുടങ്ങിയ പുതിയ കോഴ്‌സുകൾക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും  ആദരവ് 

അക്കാദമിക്, കായിക, സഹപാഠ്യ മേഖലകളിൽ മികവ് പുലർത്തിയ  വിദ്യാർത്ഥികളെ സ്ഥാപക ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡും വിശിഷ്ട അതിഥികളും പുരസ്കാരങ്ങൾ നൽകി  അനുമോദിച്ചു. നൂറ് ശതമാനം ഹാജരുള്ള  അധ്യാപകരെ   ക്യാഷ് അവാർഡുകൾ നൽകി ചടങ്ങിൽ ആദരിച്ചു.

 വാർഷികാഘോഷത്തിന്റെ പ്രമേയം “പരമ്പരാ സെ പ്രഗതി തക്” ആയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി  അവതരിപ്പിച്ച നൃത്തങ്ങൾ, അവതരണങ്ങൾ, സംഗീതപരിപാടികൾ  എന്നിവ അരങ്ങിന്  കലാസൗന്ദര്യത്തിൻ്റെ നിറവ് നൽകി.  ആദ്യമായി ഉൾപ്പെടുത്തിയ പൈറോടെക്നിക്സും വർണ്ണവിസ്മയം വിതറിയ വെടിക്കെട്ടും  ആഘോഷത്തിന് ആകർഷകമായ  സമാപനം നൽകി.