സദാനന്ദന്‍ മാസ്റ്ററിന്‍റെ പ്രസംഗം കേരളത്തിലെ അക്രമരാഷ്‌ട്രീയത്തെ വെളിപ്പെടുത്തുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യസഭയിൽ കേരളത്തില്‍ നിന്നുള്ള നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം സി സദാനന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസംഗത്തിൽ പ്രതിപാദിച്ച, കേരളത്തിൽ പതിറ്റാണ്ടുകളായി ആർ എസ് എസ്, ബി ജെ പി പ്രവർത്തകർക്കെതിരെ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങൾ ഏതൊരു വ്യക്തിയുടെയും കരളലിയിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. തന്‍റെ എക്‌സിലെ കുറിപ്പിലാണ് അമിത് ഷാ ഇക്കാര്യം പരാമര്‍ശിച്ചത്. മനുഷ്യത്വരഹിതമായ കഷ്‌ടപ്പാടുകളും അതിക്രമങ്ങളും, കേരളത്തിൽ ബിജെപി, ആർഎസ്‌എസ് പ്രവർത്തകർ പതിറ്റാണ്ടുകളായി സഹിച്ചുവരുന്നു.അഭിപ്രായ വ്യത്യാസത്തിന്‍റെയോ വിയോജിപ്പിന്‍റെയോ പേരിൽ ഒരാളുടെ കാൽ വെട്ടിമാറ്റുകയോ ജീവൻ എടുക്കുകയോ ചെയ്യുന്ന ഈ ക്രൂരമായ പ്രത്യയശാസ്ത്രത്തിനെതിരെ ബിജെപി, ആർഎസ്‌എസ് പ്രവർത്തകർ നടത്തിയ പോരാട്ടം വാക്കുകളിൽ വിവരിക്കാനാവില്ല.ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും ഈ പോരാട്ടവും ത്യാഗവും കാണാതെ പോകരുതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.കൂടാതെ, സംസാര സ്വാതന്ത്ര്യവും അസഹിഷ്‌ണുതയും വ്യാജമായി വിളിച്ചോതുന്നവർ സദാനന്ദന്‍ മാസ്റ്ററുടെ പ്രസംഗം കേൾക്കണം. ഒരുപക്ഷേ അവർക്ക് സദാനന്ദന്‍ മാഷിന്‍റെയും അദ്ദേഹത്തെപ്പോലുള്ള എണ്ണമറ്റ മറ്റുള്ളവരുടെയും പോരാട്ടം മനസ്സിലാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാജ്യസഭയിലെ കന്നിപ്രസംഗത്തിനിടെ ബിജെപി എംപി സി സദാനന്ദൻ മാസ്റ്റര്‍ കൃത്രിമ കാലുകൾ മേശയ്ക്ക് മുകളിൽവച്ച് പ്രദർശിപ്പിച്ചതിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. തനിക്ക് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്തത് സിപിഎം ക്രൂരത കാരണമാണെന്ന് പറഞ്ഞ അദ്ദേഹം ശബരിമല സ്വർണകൊള്ള കേസടക്കം സഭയിൽ ഉയർത്തി. പരാമർശത്തിനെതിരെ ഇടത് എംപിമാർ വൻ പ്രതിഷേധമുയർത്തി. അക്രമ രാഷ്ട്രീയത്തിന് എതിരെ സന്ദേശം നൽകാൻ ആണ് താൻ ശ്രമിച്ചത് എന്നാണ് സദാനന്ദൻ മാസ്റ്റര്‍ പിന്നീട് പ്രതികരിച്ചത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ തുടക്കമിട്ടത് സി സദാനന്ദന്‍ മാസ്റ്ററാണ്. അദ്ദേഹം പ്രസംഗിക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള എംപി ഉജ്വൽ നിഗമാണ് കൃത്രിമ കാലുകളെടുത്ത് മേശയ്ക്ക് മുകളിൽ വച്ചത്. പിന്നാലെ ജോൺ ബ്രിട്ടാസ് ക്രമ പ്രശ്‌നം ഉന്നയിച്ചു. തുടർന്ന് സഭാ അധ്യക്ഷൻ കൃത്രിമ കാലുകൾ താഴേക്ക് വയ്ക്കാൻ നിർദേശിച്ചു.
ശബരിമല സ്വർണ കൊള്ളയടക്കം ഉയർത്തി കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചുള്ള പ്രസംഗത്തിന്റെ അവസാനമാണ് തനിക്ക് സഭയിൽ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ സാധിക്കാത്തത് സിപിഎം ക്രൂരത കാരണമാണെന്ന് സദാനന്ദൻ മാഷ് കുറ്റപ്പെടുത്തിയത്. പിന്നാലെ ഇടത് എംപിമാർ വൻ പ്രതിഷേധമുയർത്തി. സദാനന്ദൻ മാസ്റ്റര്‍ കള്ളം പറയുകയാണെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. സദാനന്ദൻ മാഷ് കൃത്രിമ കാലുകൾ ഉപയോഗിക്കുന്നതിനും എതിരാണോ നിങ്ങളെന്ന് ബഹളത്തിനിടെ ജോൺ ബ്രിട്ടാസിനോട് സഭാ അധ്യക്ഷൻ സി പി രാധാകൃഷ്‌ണൻ ചോദിച്ചു. സദാനന്ദന്ക മാസ്റ്റര്‍ക്കെതിരെയുള്ള ജോൺ ബ്രിട്ടാസിന്‍റെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ ആവശ്യപ്പെട്ടു. സദാനന്ദന്‍ മാഷിനെ കള്ളം പറയുന്നയാളെന്ന് വിളിച്ചത് പിൻവലിക്കുകയാണെന്ന് പിന്നീട് ജോൺ ബ്രിട്ടാസ് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ശബരിമല സ്വർണ കൊള്ളയെ സംബന്ധിച്ച് സദാനന്ദമാഷിന്‍റെ പരാമർശങ്ങൾ നീക്കണമെന്ന് എ എ റഹീമും ആവശ്യപ്പെട്ടു.