വിദേശ വിനോദസഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരൻ പിടിയിൽ

വിദേശ വിനോദസഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരൻ പിടിയിൽ

ആലപ്പുഴ : ചമ്പക്കുളത്ത് വിദേശ വിനോദസഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരൻ പിടിയിൽ. അർജന്റീന സ്വദേശിനിയുടെ ബാഗിൽ നിന്ന് 1600 ഡോളർ (ഏകദേശം 1.33 ലക്ഷം രൂപ) അപഹരിച്ച തകഴി ചെറയകം സ്വദേശി അഭിലാഷിനെയാണ് (40) നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. അർജന്റീനയിൽ നിന്നുള്ള 15 അംഗ വിനോദസഞ്ചാര സംഘത്തിലുൾപ്പെട്ട വനിതയുടെ പണമാണ് നഷ്ടപ്പെട്ടത്. വിനോദസഞ്ചാരികൾ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ പോയ സമയം നോക്കിയായിരുന്നു മോഷണം. പിടിക്കപ്പെടാതിരിക്കാൻ ബോട്ടിലെ സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫ് ചെയ്ത ശേഷമാണ് പ്രതി മുറിയിൽ കടന്നത്.മാർച്ച് 21-നാണു സംഭവം.പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ സഞ്ചാരികൾ നെടുമുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ബോട്ടിലെ മുഴുവൻ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ അഭിലാഷ് നൽകിയ മൊഴികളിലെ വൈരുധ്യമാണ് പോലീസിന് സംശയമുണ്ടാക്കിയത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ഒളിപ്പിച്ചു വെച്ചിരുന്ന പണം പോലീസ് വീണ്ടെടുക്കുകയും ചെയ്തു.അമ്പലപ്പുഴ ഡിവൈഎസ്പി രാജേഷ് കെ, നെടുമുടി സിഐ നൗഫൽ എ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ ബിനോയി എം എ, ഗ്രേഡ് എസ്ഐ സുധി വി പി, എഎസ്ഐ ഷൈനിമോൾ, സീനിയർ സിപിഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് അതിവേഗം കേസ് തെളിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.