ദുർമന്ത്രവാദത്തിന് കൂട്ടുനിന്നില്ല: ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്

കൊല്ലം: ദുർമന്ത്രവാദത്തിൻ്റെ പേരിൽ വീണ്ടും കൊടും ക്രൂരത. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ് . മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി റജിലയുടെ പരാതിയിൽ ഭർത്താവ് സജീറിനെതിരെ പൊലീസ് കേസെടുത്തു ഇന്നലെ യാണ് കേസിനാസ്‌പദമായ സംഭവം.ദുർമന്ത്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണ് സജീർ. പ്രദേശത്ത് തന്നെയുള്ള ആഭിചാര ക്രിയകൾ നടത്തുന്ന ഒരാളുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു സജീർ എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നത്. അങ്ങനെയിരിക്കെയാണ് ഈയിടെ വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായെന്ന് സജീര്‍ മന്ത്രവാദിയോട് പറഞ്ഞത്. അതിന് കാരണം ഭാര്യയുടെ ദേഹത്ത് കൂടിയ സാത്താനാണെന്ന് മന്ത്രവാദി പറഞ്ഞു. ഇതിന് പരിഹാരമായി ഒരു തകിടും ഇയാള്‍ ജപിച്ച് നല്‍കി. തകിടുമായി വീട്ടിലെത്തിയ സജീര്‍ ഭാര്യയോട് അത് ദേഹത്ത് കെട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് ദേഹത്ത് കെട്ടാന്‍ ഭാര്യ റജില വിസമ്മതിച്ചു. എത്ര പറഞ്ഞിട്ടും തകിട് കെട്ടാന്‍ ഭാര്യ സമ്മതിച്ചില്ല. ഇതോടെ പ്രകോപിതനായ സജീര്‍ അടുപ്പത്ത് തിളച്ച് കൊണ്ടിരുന്ന മീന്‍കറിയുടെ കലം എടുത്ത് ഭാര്യയുടെ മുഖത്തൊഴിച്ചു.ഇതോടെ മുഖത്ത് ഗുരുതര പരിക്കേറ്റു. ആയൂർ വയക്കൽ സ്വദേശിനിയാണ് റജില. 16 വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. മകൻ്റെ പിറന്നാൾ ദിവസത്തിലായിരുന്നു ഭാര്യയോടുള്ള സജീറിന്‍റെ ക്രൂരത. മദ്യവും മയക്കുമരുന്നുപയോഗിക്കുന്ന സജീർ പതിവായി മർദ്ദിക്കാറുണ്ടെന്ന് റജില പറയുന്നു.