'കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക്പ തന്നെ പരിഗണിക്കണം'; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട് കാസർകോട് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. യോഗ്യത, പരിചയം, സംഘടനാ പ്രവർത്തനം എന്നിവ നിയമനത്തിന് മാനദണ്ഡമാക്കണമെന്നും അദ്ദേഹം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.ജാതിയുടെയും സമുദായ സമവാക്യങ്ങളുടെയും അടിസ്ഥാനത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലുള്ള രീതി അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. നേതാക്കളുടെ യോഗ്യത, പാർട്ടിയിലുള്ള സേവനം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും ഉണ്ണിത്താൻ കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.ഇക്കാര്യത്തിൻ്റെ ഗൗരവം സൂചിപ്പിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർക്ക് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി.
1978 മുതലുള്ള തൻ്റെ രാഷ്ട്രീയ, സംഘടനാ അനുഭവം പരിഗണിക്കണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിലെ കോൺഗ്രസിന് സമഗ്രമായ ഒരു പുനഃസംഘടന ആവശ്യമാണെന്നും പുതിയ കെപിസിസി പ്രസിഡൻ്റിനെ നിയമിക്കുന്നത് പാർട്ടിയുടെ ഘടനാപരമായ ബലഹീനതകൾ പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാർട്ടിയെ മുകളിൽ നിന്ന് താഴേക്ക് പുനർനിർമ്മിക്കേണ്ടതുണ്ട്. സംഘടനാപരമായ ബലഹീനതകൾ പലതാണ്. കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുത്തതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.ജാതി, സമുദായ പരിഗണനകൾ ഒരിക്കലും പാർട്ടിക്ക് ഗുണം ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഉണ്ണിത്താൻ, യോഗ്യതയും പരിചയവും നിയമനത്തിൽ നിർണായക ഘടകങ്ങളായിരിക്കണമെന്ന് വാദിച്ചു. സംസ്ഥാനത്തെ പാർട്ടിയിലെ ഏറ്റവും മുതിർന്ന ഒരാളാണ് താനെന്ന് അവകാശപ്പെട്ട് അദ്ദേഹം കോൺഗ്രസിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടും ഇതുവരെ പ്രധാന സംഘടനാ ഉത്തരവാദിത്തങ്ങൾ തനിക്ക് നൽകിയിട്ടില്ലെന്നും പരിഭവം പ്രകടിപ്പിച്ചു.
അതേസമയം, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ എന്നിവരും പ്രസിഡൻ്റ് സ്ഥാനത്തേക്ക് താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇതിലൊരു എംപിയാണ് ഉണ്ണിത്താൻ. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് പുറത്ത് ഉൾപ്പെടെ, എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെടുന്ന ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ചിരിക്കുന്ന ഈ ബോർഡുകൾ ഒരു വ്യക്തി, ഒരു സ്ഥാനം എന്ന തത്വം വാദിക്കുന്നവയാണ്. കൂടാതെ എംപിമാരും എംഎൽഎമാരും അവരവരുടെ നിയോജകമണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. അതേസമയം പാർട്ടിക്ക് ഒരു മുഴുവൻ സമയവും സജീവമായ കെപിസിസി പ്രസിഡൻ്റ് ആവശ്യമാണ്.പുതിയ സംസ്ഥാന യൂണിറ്റ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. അതേസമയം, പാർട്ടി നേതൃത്വം തൻ്റെ പിൻഗാമിയെ തെരഞ്ഞെടുക്കുമ്പോഴെല്ലാം സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ തയ്യാറാണെന്ന് നിലവിലെ കെപിസിസി പ്രസിഡൻ്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.