"രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിനനുസരിച്ചുള്ള തീരുമാനമെടുക്കട്ടെ": ഷാഫി പറമ്പിൽ എംപി

"രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിനനുസരിച്ചുള്ള തീരുമാനമെടുക്കട്ടെ": ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഷാഫി പറമ്പിൽ എംപി. രാഹുലിനെതിരായ നിയമനടപടികളിൽ കോൺഗ്രസ് പാർട്ടിയോ അതിൻ്റെ നേതാക്കളോ ഒരിടത്തും തടസ്സമായി നിന്നിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ആരോപണം ഉയർന്ന ഉടൻ തന്നെ പാർട്ടിയുടെ ഉത്തരവാദിത്തം എന്ന നിലയിൽ രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് പരാതി ലഭിച്ചപ്പോൾ അത് പൊലീസിന് കൈമാറുകയും പിന്നീട് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. നിയമപരമായ നടപടികൾ അതിൻ്റെ വഴിക്ക് പോകട്ടെ എന്നും സത്യസന്ധമായ കാര്യങ്ങൾ പുറത്തുവരട്ടെ എന്നുമാണ് പാർട്ടിയുടെ നിലപാട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിനനുസരിച്ചുള്ള തീരുമാനമെടുക്കട്ടെ എന്നും ആരെയും സംരക്ഷിക്കാൻ പാർട്ടി കവചമായി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. നിലവിൽ രാഹുൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല. താനുമായുള്ള വ്യക്തിപരമായ സൗഹൃദം രാഹുലിനെതിരായ പാർട്ടി നടപടികളെ ഒരിടത്തും ബാധിച്ചിട്ടില്ല. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമാന സാഹചര്യങ്ങളിൽ സ്വീകരിക്കുന്നതിനേക്കാൾ കൃത്യമായ നിലപാടാണ് കോൺഗ്രസ് ഈ വിഷയത്തിൽ കൈക്കൊണ്ടത്.

സിപിഎമ്മിനെതിരെ വിമർശനം

കുറ്റം ചെയ്തവർ ജയിലിൽ കിടക്കുമ്പോഴും പാർട്ടിയുടെ ഭാഗമായി തുടരുന്ന രീതിയാണ് സിപിഎമ്മിനുള്ളതെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവർ ഇന്നും ജയിലിലും പാർട്ടിയിലും തുടരുന്ന അവസ്ഥ മറ്റ് പല പാർട്ടികളിലുമുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതിയായ പത്മകുമാർ ഉൾപ്പെടെയുള്ളവർ ഇന്നും പാർട്ടിയിലുണ്ട്. ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് ഇന്നും നിയമസഭയിലും പാർട്ടി പദവികളിലും തുടരുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ടവരും മറ്റ് ആരോപണവിധേയരും ഇന്നും സ്ഥാനങ്ങളിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം അത്തരക്കാരുടെ ഉപദേശം കോൺഗ്രസിന് ആവശ്യമില്ലെന്നും പരിഹസിച്ചു. കോൺഗ്രസ് എടുത്ത നടപടികൾ കേരളത്തിലെ പൊതുജനങ്ങൾക്ക് ബോധ്യമുള്ളതാണ്.

വടകരയിലെ ഫ്ലാറ്റ് വിവാദം

വടകരയിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകാൻ ഷാഫി പറമ്പിൽ തയ്യാറായില്ല. വടകരയിൽ രാഹുൽ മാങ്കൂട്ടത്തിന് ഫ്ലാറ്റ് ഉണ്ടെന്നും അങ്ങോട്ട് വരാൻ അതിജീവിതയോട് ആവശ്യപ്പെട്ടെന്നും എഫ്ഐആറിൽ പരാമർശമുണ്ടെന്ന വാർത്തകളെ തുടർന്നാണ് ഷാഫിക്ക് വടകരയിൽ ഫ്ലാറ്റുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നത്. തനിക്ക് ഫ്ലാറ്റ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്നും അത്തരം ആരോപണങ്ങൾക്ക് താൻ എന്തിന് മറുപടി പറയണമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. വടകരയിൽ തനിക്ക് ഫ്ലാറ്റ് ഉണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളോട് പ്രതികരിക്കാനില്ലെന്നും അത്തരമൊരു കാര്യത്തിൽ മറുപടി പറയേണ്ട സാഹചര്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും അന്വേഷണത്തിൽ സത്യം തെളിയട്ടെ എന്നും അദ്ദേഹം ആവർത്തിച്ചു.