"യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രി": പ്രൊഫ. പി.ജെ. കുര്യൻ

"യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രി": പ്രൊഫ. പി.ജെ. കുര്യൻ

പത്തനംതിട്ട: യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ. കുര്യൻ. തിരുവല്ലയിലെ യു.ഡി.എഫ്. സ്ഥാനാർഥി വർഗീസ് മാമന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു പി.ജെ. കുര്യന്‍റെ പ്രസംഗം.

"കേരളത്തിൽ മെയ് നാലിന് ജനവിധി വരുമ്പോൾ എന്തായാലും നമ്മൾ ജയിക്കും. അപ്പോൾ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയായിരിക്കും." പ്രസംഗത്തിനിടെ "സാറിന് സംശയമുണ്ടോ?" എന്ന് വേദിയിലിരുന്ന ഒരു കോൺഗ്രസ് നേതാവ് ചോദിച്ചപ്പോൾ, തനിക്ക് സംശയമൊന്നുമില്ലെന്നും പി.ജെ. കുര്യൻ മറുപടി നൽകി. ഇപ്പോൾ ചെന്നിത്തലയുടെ അടുത്ത് വർഗീസ് മാമൻ ഇരിക്കുന്നതുപോലെ നിയമസഭയിലും ചെന്നിത്തലയുടെ വലതുവശത്ത് അദ്ദേഹമുണ്ടാകുമെന്നും പി.ജെ. കുര്യൻ പറഞ്ഞു. പാർട്ടിയാണ് മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറയുമെന്നും നിലവിൽ യു.ഡി.എഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും തെരഞ്ഞെടുപ്പ് വരെ എല്ലാം മറന്ന് പ്രവർത്തിക്കണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.നേരത്തെ, യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഹൈക്കമാൻഡാണെന്നും ഒരു കോൺഗ്രസുകാരനായ മുഖ്യമന്ത്രിയാകും കേരളത്തിലുണ്ടാവുക എന്നുമായിരുന്നു ഷാഫി പറമ്പിൽ എം.പി.യുടെ പ്രതികരണം.അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പക്ഷം. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും അവിടെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. "അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. ചോദ്യം ചോദിച്ചാൽ 'വീട്ടിൽ പോയി ചോദിക്കൂ' എന്ന് പറയാൻ ഞങ്ങളുടെ പാർട്ടിയിൽ പറ്റുമോ?" എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. നൂറ് സീറ്റ് നേടി അധികാരത്തിൽ വരികയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും മുതിർന്ന നേതാക്കളുമായി സംസാരിച്ച് കർണാടക മാതൃകയിൽ മുന്നോട്ട് നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.കോൺഗ്രസിന് നിലവിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്ന് മുതിർന്ന നേതാവ് കെ. മുരളീധരനും പറഞ്ഞു. 'ടീം യു.ഡി.എഫ്' ആണ് മുന്നോട്ട് പോകുന്നത്. ജയിച്ചുവരുന്ന എം.എൽ.എ.മാരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഹൈക്കമാൻഡായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.