"വിഎസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിക്കുമായിരുന്നു": എംഎ ബേബി

"വിഎസ്  ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ  പത്മ പുരസ്കാരം നിരസിക്കുമായിരുന്നു": എംഎ ബേബി

ന്യൂഡൽഹി: വിഎസ് അച്യുതാനന്ദൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്കാരം നിരസിക്കുമായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അഭിപ്രായപ്പെട്ടു. പുരസ്കാരത്തിൻ്റെ കാര്യത്തിൽ വിഎസിൻ്റെ കുടുംബം എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിൻ്റെ സംഭാവനകൾക്കുള്ള അംഗീകാരത്തിൽ കുടുംബം സന്തോഷം പ്രകടിപ്പിച്ച സാഹചര്യത്തിൽ ബാക്കി കാര്യങ്ങൾ അവർ തീരുമാനിക്കട്ടെയെന്നും എംഎ ബേബി പറഞ്ഞു.

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ കേന്ദ്രസർക്കാരിൻ്റെ പത്മ പുരസ്കാരം സ്വീകരിക്കില്ലായിരുന്നു. തന്നെ തെരഞ്ഞെടുത്തതിൽ നന്ദി അറിയിക്കുന്നതിനൊപ്പം പാർട്ടി പ്രവർത്തനം മുൻനിർത്തി ഇത്തരം പുരസ്കാരങ്ങൾ സ്വീകരിക്കുന്ന പതിവ് തങ്ങൾക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുമായിരുന്നു. അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരെ വിളിച്ച് സമ്മതം ചോദിക്കുന്ന പതിവുണ്ടെങ്കിലും ചിലർ ചോദിക്കാതെ തന്നെ സന്തോഷത്തോടെ സ്വീകരിക്കുന്നവരാണ്.

എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇഎംഎസ്, ജ്യോതിബാസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇത്തരം പുരസ്കാരങ്ങൾ നിരസിച്ച ചരിത്രമാണുള്ളത്. ജനങ്ങൾക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള അംഗീകാരമായി കണ്ട് സർക്കാർ പുരസ്കാരങ്ങൾ സ്വീകരിക്കാൻ തങ്ങൾ തയ്യാറല്ല എന്ന നിലപാടാണ് ഈ നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. ഇത് അവരുടെ വ്യക്തിപരമായ തീരുമാനവും പാർട്ടി ബോധത്തിൻ്റെ അടിസ്ഥാനത്തിലുള്ളതുമാണ്. ഡോ. എംപി പരമേശ്വരനും സമാനമായി പുരസ്കാരം നിരസിച്ചിട്ടുണ്ട്.നിലവിൽ വിഎസിൻ്റെ കുടുംബമാണ് ഇതിനോട് പ്രതികരിക്കുന്നത്. വിഎസിന് ലഭിച്ച അംഗീകാരത്തിൽ കുടുംബം സന്തോഷം പ്രകടിപ്പിക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ വിഎസിനെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുരസ്കാരം വാങ്ങണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും അക്കാര്യം എന്ത് വേണമെന്ന് കുടുംബം ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം നിർദേശിച്ചു. 

"പുരസ്കാര പ്രഖ്യാപനത്തിന് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ എന്നത് മാധ്യമപ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യമാണ്."എംഎ ബേബി പറഞ്ഞു.