ഗോവ ബാഗ ബീച്ചിലെ നിശാ ക്ലബിൽ തീപിടിത്തത്തിന് പിന്നില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ഭൂവുടമ

ഗോവ ബാഗ ബീച്ചിലെ നിശാ ക്ലബിൽ  തീപിടിത്തത്തിന് പിന്നില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ഭൂവുടമ

പനാജി: ഗോവ ബാഗ ബീച്ചിലെ നിശാ ക്ലബിൽ  തീപിടിത്തത്തിന് പിന്നില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ഭൂവുടമ. ബിർച്ച് ബൈ റോമിയോ ലേൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ ഉടമയായ പ്രദീപ് ഘാഡി അമോങ്കറാണ് നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ദുരന്തത്തിനു പിന്നിലുള്ളതായി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

നൈറ്റ് ക്ലബിനെക്കുറിച്ചുള്ള നിയമവിരുദ്ധത പ്രവർത്തനങ്ങള്‍ താൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും 20 വർഷമായി തുടർച്ചയായ നിയമപോരാട്ടം നടത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 1994 ലാണ് പ്രദീപ് ഘാഡി അർപോറ ഗ്രാമത്തിൽ രണ്ട് പ്ലോട്ടുകൾ വാങ്ങിയത്. 10 വർഷത്തിനുശേഷം 2004 ൽ സുരീന്ദർ കുമാർ ഖോസ്‌ലയ്‌ക്ക് വിൽക്കുന്നതിനായി കരാർ ഒപ്പിട്ടു. എന്നാൽ പണം നൽകാത്തതിനാൽ ആറ് മാസത്തിനുള്ളിൽ കരാർ പിൻവലിച്ചു.ആ സമയത്ത് സുരീന്ദർ അവിടെ ഒരു നൈറ്റ്ക്ലബ് സ്ഥാപിച്ചു. പിന്നീട് അത് 'ബിർച്ച് ബൈ റോമിയോ ലേൻ' ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര എന്നിവർ ഏറ്റെടുത്തു. ഈ നിയമവിരുദ്ധത ചോദ്യം ചെയ്യുകയും സ്ഥാപനത്തിനെതിരെ അർപോറ-നാഗോവ പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പരാതി നൽകുകയും ചെയ്‌തു. ഉപ്പുവെള്ള സംഭരണികളിൽ കടകൾ, റസ്റ്റോറൻ്റുകൾ, രണ്ട് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ നിർമാണം അനധികൃതമായി നടന്നിട്ടുണ്ടെന്ന് അമോങ്കർ തൻ്റെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ 20 വർഷമായി ഗോവയിലെ കീഴ്‌ക്കോടതിയിൽ ഈ കേസ് പരിഗണനയിലാണ്. 2024 ജനുവരി 17 ന് പഞ്ചായത്ത് സ്ഥലം പരിശോധന നടത്തി. അതേ വർഷം തന്നെ പഞ്ചായത്ത് കെട്ടിടം പൊളിക്കണമെന്ന് നിർദേശിച്ച് സുരീന്ദർ കുമാറിന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ അതിനെ സുരീന്ദർ കുമാർ നിഷേധിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തുകൊണ്ട് പഞ്ചായത്തിൽ നിന്ന് സ്റ്റേ നേടി."എൻ്റെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കാളിയായ ഖോസ്‌ലയ്‌ക്കെതിരെ കഴിഞ്ഞ 20 വർഷമായി ഞാൻ പോരാടുകയാണ്. മുഴുവൻ കേസിലും പ്രധാന പ്രതി സുരീന്ദർ കുമാറാണ്" എന്ന് പ്രദീപ് ഘാഡി അമോങ്കർ ആരോപിച്ചു. കെട്ടിടം പൊളിക്കൽ ഉത്തരവിൻ്റെ പകർപ്പ് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചുകൊണ്ടാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

വിഷയത്തിൽ വ്യക്തത നൽകാൻ അദ്ദേഹം സോഷ്യൽ മീഡിയയിലും ഇതേ കാര്യങ്ങൾ വെളിപ്പെടുത്തി. "പ്രധാന പ്രതി ഖോസ്‌ലയാണ്. വർഷങ്ങളായി ഞാൻ ഇത് പറയുന്നു, അതേ വ്യക്തതയോടെയും ബോധ്യത്തോടെയും ഞാൻ അത് തുടർന്നും പറയും. അയാൾ രാജ്യം വിട്ട് ഓടിപ്പോയേക്കാം" എന്നും അമോങ്കർ ഒരു പോസ്റ്റിൽ എഴുതി.മറുവശത്ത്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരാൻ അനുവദിച്ചതിന് പ്രാദേശിക പഞ്ചായത്തിനെ സംസ്ഥാന അധികാരികൾ കുറ്റപ്പെടുത്തുന്നു. 2024 മാർച്ചിൽ വ്യാപാര ലൈസൻസ് കാലഹരണപ്പെട്ടതിനുശേഷവും നൈറ്റ്ക്ലബ് പ്രവർത്തിച്ചു. ഗോവ പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 72-എ പ്രകാരം, അത്തരം സ്ഥലങ്ങൾ സീൽ ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ട്. എന്നാൽ അവർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിനെതിരെ ആരോപണങ്ങൾ.

നിശാ ക്ലബ് തീപിടിത്തം

അർപോറ നദിയുടെ തീരത്തോട് ചേർന്നാണ് നൈറ്റ്ക്ലബ് സ്ഥിതി ചെയ്യുന്നത്. ഇവിടേയ്‌ക്ക് ഇടുങ്ങിയ വഴികളിലൂടെയുള്ള പ്രവേശനം മാത്രമേ ഉള്ളൂ. പുറത്തേയ്‌ക്ക് പോകുന്നതിനും ഈ വഴിയാണുള്ളത്. അതുകൊണ്ട് തന്നെ ഇടുങ്ങിയ പാതകൾ കാരണം അഗ്നിശമന സേനയ്ക്ക് ക്ലബ്ബിലേയ്‌ക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നില്ല. കൂടാതെ അവരുടെ ടാങ്കറുകൾ ഏകദേശം 400 മീറ്റർ അകലെ പാർക്ക് ചെയ്യേണ്ടി വന്നു. ഇത് തീ നിയന്ത്രിക്കുന്നതിന് ഒരു വെല്ലുവിളിയായി.സിലിണ്ടർ പൊട്ടിത്തെറിച്ചാണ് നിശാക്ലബ്ബിൽ തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞിരുന്നു. വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന ക്ലബ്ബിൻ്റെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും ശ്വാസംമുട്ടിയാണ് മരിച്ചത്. കുറച്ച് പേർ താഴത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു.