നിയമവിരുദ്ധ വാതുവെപ്പും ചൂതാട്ടവും: 300-ലധികം വെബ്‌സൈറ്റുകളും ആപ്പുകളും നിരോധിച്ച് കേന്ദ്രം

നിയമവിരുദ്ധ വാതുവെപ്പും ചൂതാട്ടവും: 300-ലധികം വെബ്‌സൈറ്റുകളും ആപ്പുകളും നിരോധിച്ച് കേന്ദ്രം

ന്യുഡൽഹി :നിയമവിരുദ്ധ വാതുവെപ്പും ചൂതാട്ടവും നടത്തുന്ന 300-ലധികം വെബ്‌സൈറ്റുകളും ആപ്പുകളും നിരോധിച്ച് കേന്ദ്രം. ഓൺലൈൻ സ്‌പോർട്‌സ് വാതുവെപ്പ്, കാസിനോ ഗെയിമുകൾ, റൗലറ്റ് ലൈവ് ഡീലർ ടേബിളുകൾ, പിയർ-ടു-പിയർ വാതുവെപ്പ് എക്‌സ്‌ചേഞ്ചുകൾ, റിയൽ-മണി കാർഡ് ഗെയിമുകൾ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കാണ് സർക്കിർ വിലങ്ങിട്ടത്. നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പും ചൂതാട്ടവും തടയുന്നതിനുള്ള ഓൺലൈൻ ഗെയിമിങ് ആക്‌ട് പ്രകാരമാണ് നടപടി.

കേന്ദ്രസർക്കാർ നേരത്തെ തന്നെ ഇത്തരം വെബ്‌സൈറ്റുകൾക്കും ആപ്പുകൾക്കുമെതിരെ ശക്തമായി നടപടി സ്വീകരിച്ചിരുന്നു. ആകെ 8,400 നിയമവിരുദ്ധ വെബ്‌സൈറ്റുകളും ആപ്പുകളുമാണ് സർക്കാർ ഇതുവരെ നിരോധിച്ചത്. ഇവയിൽ ഭൂരിഭാഗവും, ഏകദേശം 4,900 എണ്ണവും ഓൺലൈൻ ഗെയിമിങ് നിയമം പ്രാബല്യത്തിൽ വന്നതിനുശേഷമാണ് തടഞ്ഞത്.കഴിള്ള വർഷം (2025) ആണ് ഓൺലൈൻ ഗെയിമിങ് ആക്‌ട് പാർലമെന്‍റിൽ പാസാക്കുകയും, രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ അംഗീകാരത്തിന് ശേഷം നടപ്പിലാക്കുകയും ചെയ്‌തത്. ഓൺലൈൻ മണി ഗെയിമുകൾക്ക് പൂർണ്ണമായും നിരോധനമേർപ്പെടുത്തുന്നതിനൊപ്പം, ഇ-സ്‌പോർട്‌സിനെയും സോഷ്യൽ ഗെയിമുകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

പിടിക്കപ്പെട്ടാൽ ലഭിക്കുക കർശന ശിക്ഷ 

ഏതൊരു ഓൺലൈൻ മണി ഗെയിമും അനുവദിക്കാനാകില്ലെന്ന് നിയമം വ്യക്തമാക്കുന്നു. ഇത്തരം ഗെയിമുകളുടെ പരസ്യം, പ്രമോഷൻ ഉൾപ്പെടെയുള്ളവയും നിരോധിച്ചിട്ടുണ്ട്. ബാങ്കുകളെയും പേയ്‌മെന്‍റ് സംവിധാനങ്ങളെയും അത്തരം ഇടപാടുകൾക്ക് സേവനം നൽകുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. 

നിയമവിരുദ്ധ വാതുവെപ്പും ചൂതാട്ടവും നടത്തുന്നവർക്ക്, മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.രണ്ടാമത്തെ തവണയും കുറ്റകൃത്യം ചെയ്‌താൽ, കുറഞ്ഞത് മൂന്ന് വർഷം വരെ തടവും (അഞ്ച് വർഷം വരെ നീളാം) കുറഞ്ഞത് ഒരു കോടി രൂപ പിഴയും (രണ്ട് കോടി രൂപ വരെ നീളാം) ലഭിക്കും.ഇത്തരം ഗെയിമുകൾ പരസ്യപ്പെടുത്തുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും.