"നിയമവിരുദ്ധ ഉള്ളടക്കം ,കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഉപയോക്താക്കളുടെ അക്കൗണ്ട് എന്നിവ നീക്കം ചെയ്യും " : മുന്നറിയിപ്പുമായി എക്‌സ്

"നിയമവിരുദ്ധ ഉള്ളടക്കം ,കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഉപയോക്താക്കളുടെ അക്കൗണ്ട് എന്നിവ നീക്കം ചെയ്യും " : മുന്നറിയിപ്പുമായി എക്‌സ്

ന്യൂഡൽഹി: എ ഐ ഫീച്ചറായ ഗ്രോക്ക് ഉപയോഗിച്ച് സൃഷ്‌ടിച്ച 'നിയമവിരുദ്ധ' ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുമെന്ന് എക്‌സിൻ്റെ ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സ് അറിയിച്ചു. അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്‌ത അക്കൗണ്ടുകൾ താത്‌കാലികമായി റദ്ദുചെയ്യുമെന്നും ഗ്ലോബൽ ഗവൺമെൻ്റ് വ്യക്തമാക്കി. കൂടാതെ ഇത്തരം കണ്ടൻ്റുകള്‍ ഷെയര്‍ ചെയ്‌താല്‍ പ്രത്യാഘാതങ്ങല്‍ നേരിടേണ്ടി വരുമെന്നും ഗ്ലോബൽ ഗവൺമെൻ്റ് മുന്നറിയിപ്പ് നല്‍കി.

ഗ്രോക്ക് വഴി സൃഷ്‌ടിച്ച ലൈംഗികവും അശ്ലീലപരവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അന്ത്യശാസന നല്‍കിയതിന് പിന്നാലെയാണ് നീക്കം. അതേസമയം നിയമവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ചുള്ള മസ്‌കിൻ്റെ നിലപാട് എക്‌സിൻ്റെ ആഗോള ഗവൺമെൻ്റ് അഫയേഴ്‌സ് ആവർത്തിച്ചു.

"എക്‌സില്‍ ഇപ്പോള്‍ കണ്ടുവരുന്ന നിയമവിരുദ്ധ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതില്‍ ഉള്‍പ്പെടെ ഞങ്ങള്‍ നടപടിയെടുക്കും. കൂടാതെ അവ എക്‌സില്‍ നിന്ന് നീക്കം ചെയ്യും. അക്കൗണ്ടുകൾ ശാശ്വതമായി താൽക്കാലികമായി നിർത്തിവച്ചും ആവശ്യമെങ്കിൽ പ്രാദേശിക സർക്കാരുകളുമായും നിയമപാലകരുമായും സഹകരിച്ചും പ്രവർത്തിക്കും" ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സ് ഓൺ എക്‌സ് പറഞ്ഞു. കൂടാതെ ഗ്രോക്കിലെ നിയമവിരുദ്ധ ഉള്ളടക്കം ഉപയോഗിക്കുന്നതോ നിർമിക്കാൻ പ്രേരിപ്പിക്കുന്നതോ ആയ ഏതൊരാൾക്കും അവർ നിയമവിരുദ്ധ ഉള്ളടക്കം അപ്‌ലോഡ് ചെയ്‌താൽ ലഭിക്കുന്ന അതേ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഗ്ലോബൽ ഗവൺമെൻ്റ് അഫയേഴ്‌സ് ഓൺ എക്‌സ് പറഞ്ഞു.

അടിയന്തരമായി ഇടപെട്ട് കേന്ദ്രം

സാധാരണ ഫോട്ടോകളെ ഗ്രോക്ക് എഐ ഉപയോഗിച്ച് അശ്ലീലവും അധിക്ഷേപകരവുമായ ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എക്‌സില്‍ വ്യാപകമായത്. ന്യൂ ഇയറോടെ ഇത് വ്യാപകമായി. ഗ്രോക്ക് ഉപയോഗിച്ച് മോര്‍ഫിങ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തെഴുതിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്നും പ്രിയങ്ക പറഞ്ഞു. കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചു.

ഇതേ തുടര്‍ന്ന് ഗ്രോക്ക് വഴി സൃഷ്‌ടിച്ച ലൈംഗികവും അശ്ലീലകരവുമായ ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനകം നീക്കം ചെയ്‌ത് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സ് കോര്‍പ്പറേഷന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (MeitY) മന്ത്രാലയം അന്ത്യശാസന നല്‍കിയിരുന്നു. 2000-ത്തിലെ ഐടി ആക്‌ട്, 2021-ലെ ഐടി റൂള്‍സ് എന്നിവയില്‍ എക്‌സ് അധികൃതര്‍ വീഴ്‌ച വരുത്തിയതായും കേന്ദ്രമയച്ച നോട്ടിസില്‍ വ്യക്തമാക്കി. കുറ്റകരമായ ഉള്ളടക്കത്തിനും ഉപയോക്താക്കൾക്കും അക്കൗണ്ടുകൾക്കുമെതിരെ നടപടിയെടുക്കാൻ എക്‌സിനോട് മെയ്റ്റി നിർദേശിച്ചിട്ടുണ്ട്.

ജനുവരി 2 ന് മെയ്റ്റി പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണ് മസ്‌കിൻ്റെ ആഗോള ഗവൺമെൻ്റ് അഫയേഴ്‌സ്‌ ഓഫ് എക്‌സ് പ്രസ്‌താവന പുറപ്പെടുവിച്ചത്. ഗ്രോക്ക് സൃഷ്‌ടിച്ച എല്ലാ അസഭ്യവും അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യുക അല്ലെങ്കിൽ നിയമപ്രകാരം നടപടി നേരിടുക എന്നും പ്രസ്‌താവനയില്‍ പറയുന്നു.