പ്രസവാനന്തരം അണുബാധയേറ്റ് യുവതി മരിച്ച സംഭവം : ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ചികിത്സാപിഴവെന്ന് ആരോപണം.

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവാനന്തരം അണുബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. കരിക്കകം സ്വദേശിനി 26 വയസ്സുള്ള ശിവപ്രിയയാണ് മരണപ്പെട്ടത്. ആശുപത്രിയുടെ അനാസ്ഥയാണ് അണുബാധയ്ക്കും മരണത്തിനും കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.
ഒക്ടോബർ 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം നടന്നത്. നോര്‍മല്‍ ഡെലിവറിയിലൂടെയാണ് കുഞ്ഞിന് ജന്‍മം നല്‍കിയത്. 25 നാണ് പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തി തൊട്ടടുത്ത ദിവസം പനി ബാധിച്ചതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ മെഡിക്കൽ കോളേജ് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ ജീവന്‍ നഷ്ടമാകുകയായിരുന്നു.ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ യുവതിയുടെ സഹോദരൻ ശിവദാസ് പരാതി അറിയിച്ചതായി മെഡിക്കൽ കോളജ് എസ് എച്ച് ഒ ഷാഫി അറിയിച്ചു. ആശുപത്രി അധികൃതരിൽ നിന്ന് വിശദീകരണം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു.ആശുപത്രിയിൽ നിന്നാണ് ശിവപ്രിയക്ക് അണുബാധയേറ്റതെന്ന് ഭർത്താവ് പറഞ്ഞു. പ്രസവത്തിനായി വന്നപ്പോൾ ശിവപ്രിയക്ക് യാതൊരു ശാരീരിക ആസ്വസ്ഥതയും ഇല്ലായിരുന്നു. പ്രസവത്തിന് ശേഷം മടങ്ങിയപ്പോഴാണ് പനി വന്നത്. വീണ്ടും ചികിത്സയ്ക്ക് എത്തിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ നിന്നാണ് അണുബാധയേറ്റതെന്നും മനു ആരോപിച്ചു. ആശുപത്രിയിലെത്തി ഉള്ള് പരിശോധിച്ച ശേഷം സ്റ്റിച്ച് പൊട്ടി എന്ന് അശുപത്രിയില്‍നിന്ന് പറഞ്ഞത്. ഓരോ ദിവസം കഴിയുന്തോറും നില വഷളാകുകയായിരുന്നു. അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്നതാണ്. അതിൻ്റെ റിപ്പോർട്ടടക്കം തൻ്റെ കൈയിൽ ഉണ്ടെന്നും മനു പറഞ്ഞു. അതേസമയം ആശുപത്രിക്കു മുന്നില്‍ കൈക്കുഞ്ഞിനൊപ്പം ബന്ധുക്കളും നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധ സമരം നടത്തുകയാണ്. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് തീരുമാനം. അതുവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ ലഭിക്കാതെ വേണു എന്ന ആള്‍ മരിച്ചതിനു പിന്നാലേ ആരോഗ്യവകുപ്പിനെതിരേ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കുന്നില്ലെന്നു കാട്ടി വേണു സുഹൃത്തിനയച്ച സന്ദേശം പുറത്തു വന്നിരുന്നു. മരിക്കുന്നതിന് മുമ്പ് വേണും ആശുപത്രിക്കിടക്കയിൽ നിന്ന് സുഹൃത്തിനയച്ച ശബ്ദസന്ദേശം ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു.