AI സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഉയരുന്നു, ചൈനയെ സൂക്ഷിക്കണമെന്ന് യുഎസ്

വാഷിങ്‌ടൺ: ആഗോളതലത്തിൽ എഐ സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ പങ്ക് ഉയരുന്നുവെന്ന് റിപ്പോർട്ട്. ഇതോടെ കൃത്രിമബുദ്ധിക്കായുള്ള ആഗോള മത്സരം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു എന്ന് യുഎസ് നിയമ നിർമാതാക്കളും വിദഗ്‌ധരും മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ എഐ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിനും, ചിപ്പ് വിതരണ ശൃംഖലകൾ സംരക്ഷിക്കുന്നതിനും, ചൈനയുടെ പ്രവർത്തനങ്ങളെ ചെറുക്കുന്നതിലും ഇന്ത്യയുടെയും മികച്ച പങ്കാളിത്തം വരും വർഷങ്ങളിൽ ആവശ്യമാണെന്നും യുഎസ് പ്രതിനിധികള്‍ വ്യക്തമാക്കി.ചൈനയുടെ എഐ വളർച്ചയില്‍ നിന്ന് ഭൗമരാഷ്ട്ര അപകടസാധ്യതകൾ വിലയിരുത്തുന്നതിനായി കിഴക്കൻ ഏഷ്യ, പസഫിക്, അന്താരാഷ്ട്ര സൈബർ സുരക്ഷാ നയത്തെക്കുറിച്ചുള്ള സെനറ്റ് ഫോറിൻ റിലേഷൻസ് സബ് കമ്മറ്റി സെഷൻ വിളിച്ചുകൂട്ടി. കയറ്റുമതി നിയന്ത്രണങ്ങളിലും സൈനിക പ്രത്യാഘാതങ്ങളിലുമാണ് ചർച്ച നടന്നത്. എന്നാല്‍ ഇന്ത്യ ഒരു നിർണായക രാജ്യമായി ഉയർന്നുവരുന്നതായും ചർച്ചയില്‍ പരാമർശിക്കപ്പെട്ടു.ഇന്ത്യയുമായി നേരിട്ടുള്ള കൃത്രിമ ബുദ്ധിയിലധിഷ്‌ഠിതമായ ബന്ധത്തെ കുറിച്ച് മുൻ വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ തരുൺ ഛബ്ര പ്രതിപാതിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എഐ ഉച്ചകോടികളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ വിശ്വസനീയമായ പുത്തൻ എഐ ചട്ടക്കൂടുകൾ വരാൻ പോകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക മുന്നിൽ നിൽക്കുമ്പോൾ ചൈനയ്ക്ക് മത്സരാധിഷ്‌ഠിതമായി എഐ ചിപ്പുകൾ നിർമിക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പും ഛബ്ര നൽകി.
ലോകത്തിൽ മുൻനിരയിൽ എത്താൻ ചൈനയുടെ ശ്രമം
കൃത്രിമബുദ്ധി ദൈനംദിന ജീവിതത്തിൽ വിപ്ലവം സൃഷ്‌ടിക്കുമെന്നും അതിൻ്റെ സൈനിക ഉപയോഗങ്ങൾ ആഗോള അധികാര സന്തുലിതാവസ്ഥയെ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഇപ്പോൾ ചൈന തയ്യാറെടുക്കുകയാണ്. ചൈന ഇതിനോടകം തന്നെ ഗവേഷണം, വികസനം, വിന്യാസം എന്നിവ മുന്നിൽക്കണ്ട് പണം നിക്ഷേപിച്ചിട്ടുണ്ട്. എഐ സാങ്കേതിക വിദ്യകൊണ്ട് 2030 ഓടെ ലോകത്തിലെ മുൻനിരയിൽ എത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇൻ്റലിജൻസ് ഡാറ്റ പരിശോധിക്കുന്നതിനും സിഗ്‌നലുകളെ തിരിച്ചറിയുന്നതിനും റഷ്യയും യുക്രെയ്‌നും എഐ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. പ്രതിരോധ ആസൂത്രണങ്ങൾക്കും ഇതേ സാങ്കേതികവിദ്യകൾ അതിവേഗം അനിവാര്യമായിക്കൊണ്ടിരിക്കുകയാണ് എന്നും ഛബ്ര പ്രതികരിച്ചു.
അമേരിക്കയ്‌ക്ക് മേല്‍ക്കൈ
കൂടാതെ കമ്പ്യൂട്ടിംഗ് പവറിൽ അമേരിക്കയ്‌ക്ക് മേല്‍ക്കൈ എന്നും ഛബ്ര പറഞ്ഞു. എഐ ആധിപത്യം നിലനിർത്തുന്നതിന് വൈദ്യുത ശക്തി, കമ്പ്യൂട്ടിംഗ് പവർ എന്നിവയ്‌ക്കും മുൻതൂക്കം നൽകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് സമീപ വർഷങ്ങളിൽ നടന്ന യുഎസ് ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളെ ഏറ്റവും മികച്ച നടപടികളിൽ ഒന്നായി പ്രശംസിച്ചു.2026 ഫെബ്രുവരിയിൽ ഇന്ത്യ ഒരു പ്രധാന എഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ പോകുന്നു. എഐയുടെ മികവ് സാമ്പത്തിക അഭിവൃദ്ധിയേയും ദേശീയ സുരക്ഷയേയും ആഴത്തിൽ രൂപപ്പെടുത്തുമെന്ന് ഛബ്ര പറഞ്ഞു. വരും വർഷങ്ങളില്‍ എഐ വികസനത്തിനും എഐയുടെ ആഗോള വ്യാപനത്തിനും ഒരു നിർണായക അവസരമാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്‌ടറുകൾ, ക്ലൗഡ് ഇൻഫ്രാസ്‌ട്രക്‌ചർ, സൈബർ സുരക്ഷ, എഐ ആപ്ലിക്കേഷനുകൾ എന്നിവയിലുടനീളം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാകുന്നു. ഇതുതന്നെയാണ് എഐ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.