"2035 ഓടെ ഇന്ത്യ ആദ്യ ബഹിരാകാശ നിലയം പൂർത്തിയാക്കും": എസ് സോമനാഥ്

കാൺപൂർ: 2035 ഓടെ ഇന്ത്യ ആദ്യ ബഹിരാകാശ നിലയം പൂർത്തിയാക്കുമെന്ന് മുൻ ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. 2040 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും പദ്ധതിയുണ്ട്. ഇതിനകം തന്നെ ഒന്നിലധികം മേഖലകളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സോമനാഥ് വ്യക്തമാക്കി. കാൺപൂറിലെ സ്വകാര്യ സ്‌കൂളിൽ ജ്യോതിശാസ്‌ത്ര ലബോറട്ടറി ഉദ്ഘാടനം ചെയ്‌ത് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്ര പ്രവർത്തനങ്ങലെക്കുറിച്ചുള്ള ഉൾക്കാഴ്‌ചക, ജലസാന്നിധ്യം, റഡാർ അധിഷ്‌ഠിത ഇമേജിങ്, റേഡിയേഷൻ ഇഫക്‌റ്റുകൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്‌തു. 2028 ൽ ചന്ദ്രയാൻ-4 വിക്ഷേപിക്കാൻ തീരിമാനിച്ചുണ്ടെന്നും അതിനുശേഷം ചന്ദ്രയാൻ-5 ഉടനെ ഉണ്ടാകുമെന്നും സോമനാഥ് പറഞ്ഞു.ചന്ദ്രയാൻ-4 ൻ്റെ പ്രാഥമിക ലക്ഷ്യം ചന്ദ്ര സാമ്പിളുകൾ ശേഖരിക്കുക എന്നതായിരിക്കും. അതേസമയം ജപ്പാൻ എയ്‌റോസ്‌പോസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയിലെ (ജാക്‌സ) വിദഗ്‌ധർ ചന്ദ്രയാൻ -5 ൻ്റെ വികസനത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലസമ്മർദം, ആഗോള കാലാവസ്ഥാ വ്യതിയാനം, മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവ നിരീക്ഷിക്കാൻ അമേരിക്കയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത നിസാർ ഉപഗ്രഹത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുന്നതിന് മറ്റ് നിരവധി രാജ്യങ്ങളുമായി സമാനമായ കരാറുകൾ പിന്തുടരുന്നുണ്ടെന്നും സോമനാഥ് പറഞ്ഞു.ശക്തമായ ഒരു ബഹിരാകാശ വ്യവസായം ഗവേഷണ വികസനത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല രാജ്യത്തെ യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം 2035 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്നതും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതും ഐഎസ്ആര്‍ഒയുടെ പ്രധാന ലക്ഷ്യമാണെന്ന് ഐഎസ്‌ആർഒ ചെയർമാൻ ഡോ.വി നാരയണൻ നേരത്തെ പറഞ്ഞിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച കാഴ്‌ചപ്പാടാണിത്. ബഹിരാകാശ ഗവേഷണ രംഗത്ത് ലോകം ഇന്ന് ഇന്ത്യയുടേയും ഐഎസ്ആര്‍ഒയുടേയും കഴിവ് അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടെ ഐഎസ്‌ആർഒ ഈ രംഗത്ത് വലിയ വളർച്ച നേടിയിട്ടുണ്ടെന്നും ഏകേശം 13 ഉപഗ്രഹങ്ങൾ രൂപകൽന ചെയ്യുകയും വിക്ഷേപിക്കുകയും നിർമിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഡോ. വി നാരായണൻ കൂട്ടിച്ചേര്‍ത്തു.