രാഷ്ട്രപതി ദ്രൗപതി മുര്‍മു പമ്പയിലേക്ക്

 രാഷ്ട്രപതി ദ്രൗപതി മുര്‍മു പമ്പയിലേക്ക്

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു പമ്പയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.ആന്‍റോ ആന്‍റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. തുടര്‍ന്ന് പമ്പയിലേക്ക് റോഡ് മാർഗം കനത്ത സുരക്ഷയിലാണ് യാത്ര. പമ്പയിലും സന്നിധാനതും ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പമ്പ ഗണപതി കോവിലില്‍ കെട്ടു നിറച്ച ശേഷം ഗൂര്‍ഖ ജീപ്പിലാണ് രാഷ്ട്രപതിയുടെ സന്നിധാനത്തേക്കുള്ള യാത്ര. 11.50ന് രാഷ്ട്രപതി സന്നിധാനത്തെത്തും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി  പതിനെട്ടാംപടി ചവിട്ടിയുള്ള ദർശനത്തിനുശേഷം രാഷ്ട്രപതി ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും.ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങി ഉച്ചഭക്ഷണം കഴിക്കുന്ന രാഷ്ട്രപതി, വൈകിട്ട് 3 മണിയോടെ പമ്പയിലേക്ക് മടങ്ങും. തുടർന്ന് റോഡ് മാർഗം നിലയ്ക്കലെത്തി വൈകിട്ട് 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.