"ഗുരുവിൻ്റെ ജീവിതാനുഭവങ്ങൾ മാനവിക മൂല്യങ്ങളിൽ വിശ്വസിക്കാൻ തലമുറകളെ പ്രചോദിപ്പിച്ചു": രാഷ്ട്രപതി

കൊല്ലം:  ശ്രീ നാരായണ ഗുരു ഇന്ത്യ കണ്ട മഹാനായ ആത്മീയ നേതാക്കളിലൊരാളും സാമൂഹിക പരിഷ്‌കർത്താവുമാണെന്ന് രാഷ്ട്രപതി. "നമ്മുടെ രാജ്യത്തിന്‍റെ സാമൂഹികവും ആത്മീയവുമായ ഭൂപ്രകൃതിയെ സ്വാധീനിച്ച സന്യാസിയും തത്ത്വചിന്തകനുമാണ് ഗുരു. അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങൾ സമത്വം, ഐക്യം, മാനവിക സ്നേഹം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കാൻ തലമുറകളെ പ്രചോദിപ്പിച്ചുച്ചുവെന്നും  രാഷ്ട്രപതി. ശ്രീ നാരായണ ഗുരുവിന്‍റെ 100-ാം മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക്  വർക്കല ശിവഗിരി മഠത്തിൽ തിരി തെളിയിച്ചശേഷം സംസാരിക്കുകയായിരുന്നു  രാഷ്ട്രപതി ദ്രൗപദി മുർമു. പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ നവോത്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായ ഗുരു, ജനങ്ങളെ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്‍റെയും അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി തൻ്റെ ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ്. എല്ലാ ജീവജാലങ്ങളിലും ദൈവത്തിൻ്റെ ദിവ്യസാന്നിധ്യം കണ്ട അദ്ദേഹം വിശ്വപ്രസിദ്ധമായ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യവർഗത്തിന്" എന്ന സന്ദേശം പ്രചരിപ്പിച്ചു.മതം, ജാതി, വർഗം എന്നിവയുടെ അതിരുകൾക്കപ്പുറം അറിവിലൂടെയും കാരുണ്യത്തിലൂടെയും മാത്രമേ യഥാർത്ഥ മോചനം സാധ്യമാകൂ എന്നും ഗുരു പഠിപ്പിച്ചു. ആത്മശുദ്ധീകരണം, ലാളിത്യം, സാർവത്രിക സ്നേഹം എന്നിവയ്ക്ക് ഗുരു എന്നും ഊന്നൽ നൽകിയിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസം, സ്വാശ്രയത്വം, ധാർമ്മിക മൂല്യങ്ങൾ എന്നിവയുടെ കേന്ദ്രങ്ങളായി വർത്തിക്കാൻ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളും സ്കൂളുകളും സാമൂഹിക സ്ഥാപനങ്ങളും ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. മലയാളം, സംസ്കൃതം, തമിഴ് ഭാഷകളിലുള്ള അദ്ദേഹത്തിൻ്റെ വചനങ്ങൾ ആഴത്തിലുള്ള ദാർശനിക തത്ത്വങ്ങളും ലളിതമായ പ്രസക്തിയും ചേർന്ന് ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണ്.ഇന്നത്തെ ലോകത്തിൽ, ഐക്യം, സമത്വം, പരസ്പര ബഹുമാനം എന്നിവയ്ക്കായുള്ള ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം അതീവ പ്രസക്തമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. "എല്ലാ മനുഷ്യരും ഒരേ ദിവ്യ സത്ത പങ്കിടുന്നവരാണെന്ന് ഓർമ്മിപ്പിക്കുന്ന ഗുരുവിൻ്റെ സന്ദേശം സമൂഹത്തിലെ സംഘർഷങ്ങൾക്ക് കാലാതീതമായ പരിഹാരം നൽകുന്നെന്നും രാഷ്ട്രപതി.