ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്‌കിയനുമായി ചർച്ച നടത്തി നരേന്ദ്ര മോദി

ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്‌കിയനുമായി ചർച്ച നടത്തി  നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്‌കിയനുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇരുനേതാക്കളുടെയും ഫോൺ സംഭാഷണം. സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നതും, അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്‌ടങ്ങളെയും പറ്റി ചർച്ചകൾ നടത്തി.

സുരക്ഷ, വ്യാപാര പാതകൾ, പ്രവാസികളുടെ ക്ഷേമം എന്നിവയെച്ചൊല്ലി പ്രാദേശിക സംഘർഷങ്ങൾ ആശങ്കകൾ ഉയർത്തുന്ന സമയത്താണ് ഇരുനേതാക്കളുടെയും ചർച്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളും തർക്കങ്ങളും ഒഴിവാക്കി സമാധാനം നിലനിർത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും മോദി അറിയിച്ചു. കൂടാതെ കൂടുതല്‍ സംഭാഷണത്തിനും നയതന്ത്രത്തിനും ഇറാൻ പ്രസിഡൻ്റ് ആഹ്വാനം ചെയ്‌തെന്ന് മോദി പറഞ്ഞു.തുടർന്ന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും, ചരക്ക്, ഊർജം, ഗതാഗതം എന്നിവയുടെ ആവശ്യകതയും ഇന്ത്യൻ സർക്കാരിൻ്റെ മുൻഗണനകളായി തുടരുന്നുവെന്ന് പ്രസിഡൻ്റ് സ്ഥീകരിച്ചതായി മോദി വ്യക്തമാക്കി.


അതേസമയം ഇറാനിലുള്ള 9,000 പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും, എംബസികളുടെ സഹായത്തോടെ നിരവധി വിദ്യാർഥികളുൾപ്പെടെയുള്ളവർ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയുമായി മൂന്ന് തവണ ടെലിഫോൺ സംഭാഷണം നടത്തിയതായും ജയ്‌സ്വാൾ വ്യക്തമാക്കി.