'ദൃഷ്‌ടി' -സുരക്ഷാ നിരീക്ഷണത്തിന് നിര്‍മ്മിത ബുദ്ധി അധിഷ്‌ഠിത സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി:ചരക്കു തീവണ്ടികളുടെ സുരക്ഷാ സംവിധാനം വര്‍ദ്ധിപ്പിക്കാനായി തത്സമയ നില അറിയാന്‍ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി അത്യാധുനിക നിര്‍മ്മിത ബുദ്ധി സംവിധാനമാണ് റെയില്‍വേ അവതരിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികളും ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് തീവണ്ടികളുടെ വാതിലുകള്‍ തകര്‍ക്കലും അടക്കമുള്ളവയെക്കുറിച്ച് വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് പുത്തന്‍ സംവിധാനം. ഇത്തരം സംഭവങ്ങള്‍ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.ട്രെയിനുകളുടെ വാതിലുകളുടെ പൂട്ട് സംവിധാനങ്ങളെക്കുറിച്ച് എഐ തത്സമയ വിവരങ്ങള്‍ നല്‍കും. അസാധാരണ സംഭവങ്ങളായ പൂട്ട് തകര്‍ക്കലോ മറ്റോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ അറിയാനാകും. ട്രെയിന്‍ഗതാഗതത്തെ തടസപ്പെടുത്താത തന്നെയാകും ഇതിന്‍റെ പ്രവര്‍ത്തനങ്ങളെന്നതും സവിശേഷതയാണ്.
ചരക്കുതീവണ്ടികളിലെ പരിശോധനയ്ക്കായി മനുഷ്യ വിഭവ ശേഷി കുറയ്ക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. മുപ്പത്-മുപ്പത്തഞ്ച് സെക്കന്‍ഡ് കൊണ്ട് തന്നെ വിവരങ്ങളറിയാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. 58 വാഗണുകളുള്ള ഒരു ചരക്കു തീവണ്ടിയുടെ പരിശോധനയ്ക്കായി ഇപ്പോള്‍ മൂന്ന് നാല് ആര്‍പിഎഫ് അംഗങ്ങളെ നിയോഗിക്കേണ്ടി വരുന്നുണ്ട്. ഇവര്‍ നേരിട്ട് പരിശോധന നടത്തുന്നതിന് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയവും എടുക്കുന്നു. എന്നാല്‍ എഐ സംവിധാനത്തിലൂടെ ഇതിന് കേവലം മുപ്പത്തഞ്ച് സെക്കന്‍റ് മാത്രമേ വേണ്ടി വരുന്നുള്ളൂ.
ഇത് വേഗമേറിയ സംവിധാനമാണെന്ന് വടക്ക് കിഴക്കന്‍ മേഖല റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കപിഞ്ചാല്‍ശര്‍മ്മ പറഞ്ഞു. പൂര്‍ണ പരിശോധനയ്ക്കും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥയില്‍ പലപ്പോഴും മാനുഷികമായ പരിശോധനകള്‍ ഏറെ വെല്ലുവിളി നിറഞ്ഞതാകാറുണ്ടെന്നും എന്നാൽ മഴക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഇത് ഒരു പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നതും ഇതിന്‍റെ സവിശേഷതയായി അദ്ദേഹംപറയുന്നു.
പ്രാഥമിക പരീക്ഷണം വിജയകരമായിരുന്നുെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് കൂടി വിശാലമായ പരിശോധന ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതും വിജയകരമായാല്‍ വിവിധ സ്റ്റേഷനുകളില്‍ നടപ്പാക്കുമെന്നും ശര്‍മ്മ വിശദീകരിച്ചു.നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയും ഗുവാഹത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഇന്നവേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. 'ദൃഷ്‌ടി 'എന്ന് ഇതിന് പേരിട്ടിരിക്കുന്നത്. എഐ അധിഷ്‌ഠിത ക്യാമറ, സെന്‍സറുകള്‍, തുടങ്ങിയവയുടെ സഹായത്തോടെയാണ് പുതിയ സംവിധാനം.