ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട

ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട

മുംബൈ:  ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവിസുകളും ആരംഭിച്ചു. ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള ആദ്യ പടിയായി ഡൽഹിയിൽ നിന്ന് മനിലയിലേക്കാണ് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചത്.14 ദിവസത്തെ ഫ്രീ വിസയാണ് നിലവിൽ അനുവദിച്ചിട്ടുള്ളതെന്നും 10 വർഷത്തിന് ശേഷമാണ് ഫിലിപ്പീൻസ് ഫ്രീ വിസ സംവിധാനം ഇന്ത്യക്കാർക്കായി ആരംഭിച്ചിട്ടുള്ളതെന്നും ഇന്ത്യയിലെ ഫിലിപ്പീൻസ് അംബാസഡർ ജോസെൽ എഫ് ഇഗാസിയോ പറഞ്ഞു.എയർ ഇന്ത്യയുടെ ആദ്യ വിമാനം ഒക്‌ടോബർ ഒന്ന് മുതലാണ് മനിലയിലേക്ക് സർവിസ് തുടങ്ങിയത്. ഫിലിപ്പീൻസിനെ പിടിച്ച് കുലുക്കിയ ഭൂചലനത്തിന് ശേഷമാണ് രാജ്യം ഇന്ത്യൻ സന്ദർശകരെ ഫ്രീ വിസയിൽ ക്ഷണിച്ചിരിക്കുന്നത്. തകർന്നിരിക്കുന്ന വിനോദ സഞ്ചാര മേഖലയെ സജീവമാക്കുക എന്ന ലക്ഷ്യമാണ് ഫിലിപ്പീൻസ് മുന്നോട്ട് വയ്‌ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫിലിപ്പൈൻ പ്രസിഡൻ്റ് ഫെർഡിനന്ദ് ആർ മാർക്കോസിൻ്റെ ഉഭയകക്ഷി ചർച്ചയ്‌ക്ക് ശേഷമാണ് ഫിലിപ്പീൻസും ഇന്ത്യയും തന്ത്രപരമായ പങ്കാളിത്തം ആരംഭിച്ചത്.2024ൽ 79,000ത്തോളം ഇന്ത്യൻ വിനോദ സഞ്ചാരികൾ ഫിലിപ്പൈൻസിലേക്ക് യാത്ര ചെയ്‌തതായാണ് കണക്ക്. എന്നാൽ 2025ലെ ആദ്യ ഒൻപത് മാസത്തിനുള്ളിൽ ഫിലിപ്പൈൻസ് സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം 66,000 കടന്നിരിക്കുന്നുവെന്നും ഫിലിപ്പീൻസ് ടൂറിസം ബോർഡ് ഉദ്യോഗസ്ഥയായ ഫേ അഡാത ദദന മെൻഡോസ പറഞ്ഞു. രാജ്യത്തിൻ്റെ പുതിയ തീരുമാനം ഇന്ത്യൻ വിനോദ സഞ്ചാരികളുടെ കുറവ് പരിഹരിക്കുന്നതാണെന്ന് ഫിലിപ്പീൻസ് ടൂറിസം സെക്രട്ടറിയായ ക്രിസ്റ്റൈന ഗാർസിയ ഫ്രെസ്കോയും വ്യക്തമാക്കി