ഇൻഡിഗോ പ്രതിസന്ധി: കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ; ജനശതാബ്‌ദിയിൽ അധിക കോച്ചുകൾ

തിരുവനന്തപുരം/ന്യൂഡൽഹി: ഡിസംബറിലെ തിരക്കേറിയ സീസണിൽ ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ കേന്ദ്ര റെയിൽവേ, വ്യോമയാന മന്ത്രാലയങ്ങൾ സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കുന്നു. വിമാന സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകളും നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിച്ചു.
കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ
ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റെയിൽവേ പ്രഖ്യാപിച്ച പുതിയ സർവീസുകളിൽ കേരളത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനങ്ങളുണ്ട്. നിസാമുദീനിൽനിന്ന് തിരുവനന്തപുരത്തേക്ക് (04080) ഡിസംബർ ആറിനും തിരിച്ച് തിരുവനന്തപുരത്തുനിന്ന് നിസാമുദീനിലേക്ക് (04079) ഡിസംബർ ഒമ്പതിനും സ്പെഷ്യൽ സർവീസ് നടത്തും. 21 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക. തിരുവനന്തപുരം-ബാംഗ്ലൂർ (എസ്ബിസി) റൂട്ടിൽ ഡിസംബർ ഏഴിന് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ പദ്ധതിയുണ്ട്.ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഡിസംബർ ഏഴ്, ഒമ്പത് തീയതികളിലും തിരിച്ചും സ്പെഷ്യൽ സർവീസുകളുണ്ട്. നാഗർകോവിൽ/തിരുനെൽവേലി-ചെന്നൈ റൂട്ടിലും ഡിസംബർ ഏഴ്, എട്ട് തീയതികളിൽ സ്പെഷ്യൽ സർവീസ് പരിഗണനയിലുണ്ട്. ഇതുകൂടാതെ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ, ഡൽഹി-പട്ന റൂട്ടുകളിലും പുതിയ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 30 പുതിയ സർവീസുകളിലായി 56 ട്രിപ്പുകളാണ് റെയിൽവേ അധികമായി നടത്തുന്നത്.
നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകൾ
സതേൺ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ സോണുകളിലായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ ഘടിപ്പിക്കാൻ തീരുമാനമായി. കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകളിൽ മാറ്റങ്ങളുണ്ട്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076/12075) ട്രെയിനിൽ ഡിസംബർ ഏഴു മുതൽ 11 വരെ എക്സ്ട്രാ ചെയർ കാർ കോച്ചുകൾ അനുവദിച്ചു. ചെന്നൈ-തിരുവനന്തപുരം (12695/12696) ട്രെയിനിൽ ഡിസംബർ ഏഴു മുതൽ 12 വരെ അധിക സ്ലീപ്പർ കോച്ചുകൾ ഉണ്ടാകും. ചെന്നൈ എഗ്മോർ-കൊല്ലം (20635/20636) അനന്തപുരി എക്സ്പ്രസിലും അധിക സ്ലീപ്പർ കോച്ച് അനുവദിച്ചിട്ടുണ്ട്. ചെന്നൈ-ആലപ്പുഴ, മുംബൈ-ചെന്നൈ, മംഗലാപുരം-ചെന്നൈ റൂട്ടുകളിലും അധിക കോച്ചുകൾ അനുവദിച്ചു.
വ്യോമയാന മന്ത്രാലയത്തിൻ്റെ ഇടപെടൽ
ശൈത്യകാലവും വിവാഹ സീസണും ആയതിനാൽ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇൻഡിഗോ സർവീസുകൾ മുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് പരിഹരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡുവിൻ്റെ നേതൃത്വത്തിൽ കർശന നടപടികളാണ് സ്വീകരിക്കുന്നത്. പൈലറ്റ് ക്ഷാമം പരിഹരിക്കാൻ 'ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ' (എഫ്ഡിടിഎൽ) ചട്ടങ്ങളിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് 2026 ഫെബ്രുവരി 10 വരെ ഇളവ് നൽകി.ഡിജിസിഎയിൽ ഡെപ്യൂട്ടേഷനിലുള്ള 12 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർമാരെ (എഫ്ഒഐ) ഒരാഴ്ചത്തേക്ക് വിമാനം പറത്താൻ അനുവദിച്ചു. കൂടാതെ പരിശീലനത്തിലുള്ള പൈലറ്റുമാരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും പരിശോധിക്കാൻ ഡിജിസിഎ ഉദ്യോഗസ്ഥരെ ഇൻഡിഗോയുടെ കൺട്രോൾ സെൻ്ററുകളിൽ വിന്യസിച്ചു. സർവീസുകൾ താളംതെറ്റിയതിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ ജോയിൻ്റ് ഡയറക്ടർ ജനറലിൻ്റെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് കേന്ദ്രസർക്കാർ. റെയിൽവേയുടെ ഈ അടിയന്തര ഇടപെടൽ വരുംദിവസങ്ങളിൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
https://www.worldm.news/national/center-orders-high-level--12674