ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം; മാപ്പ് പറഞ്ഞ് ഇൻഡിഗോ

ന്യൂഡൽഹി: പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്ന് ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വിമാന സർവീസുകൾ മുടങ്ങിയതിനെത്തുടർന്ന് രാജ്യവ്യാപകമായി ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി പൈലറ്റുമാരുടെ തൊഴിൽ സമയ ചട്ടങ്ങളിൽ ഡിജിസിഎ ഇളവ് അനുവദിച്ചു. ഇൻഡിഗോയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ശനിയാഴ്ചയോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നും അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച (2025 ഡിസംബർ 5) മാത്രം 600ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈയിൽ 118, ബെംഗളൂരുവിൽ 100, ഹൈദരാബാദിൽ 75, കൊൽക്കത്തയിൽ 35, ചെന്നൈയിൽ 26, ഗോവയിൽ 11 എന്നിങ്ങനെയാണ് റദ്ദാക്കിയ സർവീസുകളുടെ കണക്ക്. ഭോപ്പാൽ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലെയും സർവീസുകൾ മുടങ്ങി.

ഉച്ചവരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള എഴുനൂറോളം ഇൻഡിഗോ സർവീസുകളാണ് ആകെ റദ്ദാക്കിയത്. ചില വിമാനങ്ങൾ 12 മണിക്കൂറിലധികം വൈകിയതോടെ വിമാനത്താവളങ്ങളിൽ വലിയ തോതിലുള്ള ബഹളവും ആശയക്കുഴപ്പവും ഉണ്ടായി. യാത്രക്കാർ പ്രതിഷേധിക്കുകയും ലഗേജുകൾ മാറിപ്പോയതായി പരാതിപ്പെടുകയും ചെയ്തു. ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക തകരാറുകൾ, ജീവനക്കാരുടെ കുറവ്, ഷെഡ്യൂളിങ്ങിലെ പിഴവുകൾ എന്നിവ കാരണം തുടർച്ചയായി നാലാം ദിവസവും പ്രവർത്തനം സ്തംഭിച്ചപ്പോൾ വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ മാത്രം 550 സർവീസുകൾ മുടങ്ങിയിരുന്നു.

ഇന്നാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത്. ഏകദേശം 750ഓളം സർവീസുകൾ അന്ന് തടസപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. വിഷയം കമ്പനി കൈകാര്യം ചെയ്ത രീതിയിൽ കേന്ദ്രസർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു ഇൻഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൈലറ്റുമാരുടെ രാത്രികാല ഡ്യൂട്ടി പരിധിയിൽ ഇളവ് നൽകണമെന്ന ഇൻഡിഗോയുടെ അപേക്ഷ ഡിജിസിഎ അംഗീകരിച്ചു. അവധിക്ക് പകരം പ്രതിവാര വിശ്രമം അനുവദിച്ചുകൊണ്ട് ഫ്ലൈറ്റ് ഡ്യൂട്ടി ചട്ടങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിൻവലിച്ചത്. കഴിഞ്ഞ ജനുവരി 20നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിർദേശങ്ങൾ ഡിജിസിഎ വിവിധ വിമാനക്കമ്പനികൾക്ക് നൽകിയത്.ആഴ്ചയിലെ അവധി ജീവനക്കാർ കൃത്യമായി എടുക്കണമെന്നത് ഉൾപ്പെടെയുള്ള കർശന നിർദേശങ്ങൾ പാലിക്കാൻ നിർബന്ധിതരായതാണ് ഇൻഡിഗോയിൽ തുടർച്ചയായി സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാക്കിയത്. തൊഴിൽ ചട്ട നിയമങ്ങൾ മൂലമുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും കണക്കിലെടുത്താണ് ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ടിക്കറ്റ് നിരക്കിൽ വൻ വർധന

ഇന്നു അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്നും രണ്ട് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണതോതിൽ സജ്ജമാകുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഡൽഹി വിമാനത്താവളത്തിൽനിന്ന് ഇന്ന് അർധരാത്രി വരെയുള്ള എല്ലാ ആഭ്യന്തര സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇതിനിടെ ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് രാജ്യാന്തര സർവീസുകളുടെ ഇരട്ടിയായി കുതിച്ചുയർന്നു.ഡൽഹി-ലണ്ടൻ എയർ ഇന്ത്യ നിരക്ക് 27,000 രൂപയിൽ താഴെയാണെങ്കിൽ ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് 50,000 രൂപയ്ക്കും മുകളിലാണ്. ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് 55,000 രൂപ വരെ ഉയർന്നതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. വിമാന പ്രതിസന്ധി പാർലമെൻ്റിനെയും പ്രക്ഷുബ്ധമാക്കി. ഒരു വിമാനക്കമ്പനിക്ക് കുത്തകാവകാശം നൽകിയതിൽ ജനം വലിയ വില നൽകേണ്ടി വരികയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

റീഫണ്ടും സൗകര്യങ്ങളും

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് പറഞ്ഞ് ഇൻഡിഗോ വിമാനക്കമ്പനി അധികൃതർ രംഗത്തെത്തി. ഡിസംബർ അഞ്ചിനും 15നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും പൂർണമായ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ടിക്കറ്റ് തുക ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കും. റദ്ദാക്കലുകൾക്കും മാറ്റിവയ്ക്കലുകൾക്കും പൂർണമായ ഇളവ് നൽകിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാർക്കായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ബുക്ക് ചെയ്തു. സാധ്യമാകുന്നിടത്തെല്ലാം മുതിർന്ന പൗരന്മാർക്ക് ലോഞ്ച് സൗകര്യം നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കിയാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നും പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെന്നും ഇൻഡിഗോ കുറിപ്പിൽ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സാധാരണയായി 400ലധികം വിമാനങ്ങൾ ഉപയോഗിച്ച് 2,300 സർവീസുകൾ നടത്തുന്നുണ്ട്. പൈലറ്റ് ക്ഷാമവും ഷെഡ്യൂളിലെ പ്രശ്നങ്ങളുമാണ് സാഹചര്യം വഷളാക്കിയതെന്ന് അധികൃതർ സമ്മതിക്കുന്നു.