ഇൻഡിഗോ കൂട്ട റദ്ദാക്കൽ; റിപ്പോർട്ട് സമർപ്പിച്ച് ഡിജിസിഎ

ഇൻഡിഗോ കൂട്ട റദ്ദാക്കൽ; റിപ്പോർട്ട് സമർപ്പിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍ സംബന്ധിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) രൂപികരിച്ച നാലംഗ പ്രത്യേക സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്‌വായിക്കാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമാണെന്നും വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇന്‍ഡിഗോ വിമാനത്തിൻ്റെ കൂട്ട റദ്ദാക്കല്‍ പ്രതിസന്ധിയും മറ്റും വർധിച്ച സാഹചര്യത്തിലാണ് ഈ മാസം ഡിസംബർ അഞ്ചിന് നാലംഗ കമ്മിറ്റി രൂപീകരിച്ചത്. ജോയിൻ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ ബ്രഹ്മണ, ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ അമിത് ഗുപ്‌ത, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ കപിൽ മംഗ്ലിക്, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർ ലോകേഷ് രാംപാൽ എന്നിവരാണ് പാനലിൽ ഉൾപ്പെടുന്നത്. കമ്മിറ്റിയോട് ഡിസംബർ 20നകം റിപ്പോർട്ട് സമർപ്പിരക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്.

പിന്നീട് ഒരാഴ്‌ച കൂടി നീട്ടുകയായിരുന്നു. ഇന്നലെ (ഡിസംബർ 26) വൈകുന്നേരമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികൂല കാലാവസ്ഥ, സാങ്കേതിക തകരാർ, ഷെഡ്യൂൾ മാറ്റങ്ങൾ, യാത്രക്കാരുടെ തിരക്ക്, പുതുക്കിയ ഡ്യൂട്ടി സമയം എന്നിവയടക്കം നിരവധി കാരണങ്ങളാണ് റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുള്ളതെന്നാണ് സൂചന. തിരക്ക് നിയന്ത്രിക്കുന്നതിലും ജോലി സമയം ക്രമീകരിക്കുന്നതിലും പിഴവ് സംഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ ഇന്‍ഡിഗോ സമ്മതിച്ചതായി ഡിജിസിഎ വെളിപ്പെടുത്തി.ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് ഇൻഡിഗോ പറഞ്ഞത്. അതേസമയം ജീവനക്കാരുടെ കുറവാണ് ഇത്തരത്തിൽ ഒരു പ്രശ്‌നത്തിന് കാരണമായതെന്നും റിപ്പോർട്ടുണ്ട്. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതും മണിക്കൂറുകളോളം സർവീസുകൾ വൈകിയതും കാരണം നിരവധി യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഡിസംബർ ഒന്നിനും ഒമ്പതിനും ഇടയിൽ 4,200 ലധികം വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവാഹം, ജോലി, മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് പോകാനിരുന്ന യാത്രക്കാരെയും ഇത് വളരെയധികം ബാധിക്കുകയും ചെയ്‌തു. പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടെയും ജോലി സമയം പരിമിതപ്പെടുത്തുന്ന പുതിയ നിയമം ആസൂത്രണം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടതാണ് ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുക്കിയത്. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും ഇന്‍ഡിഗോ സി ഇ ഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. 250ല്‍ അധികം പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദിലെ എയര്‍ ഇന്ത്യാ വിമാനദുരന്തത്തിന് പിന്നാലെയാണ് നിയമങ്ങള്‍ കര്‍ശനമാക്കിയത്.