മൊസാംബിക്ക് ബോട്ട് അപകടം: ഇന്ദ്രജിത്തിന്‍റെ മൃതദേഹം കണ്ടെത്തി

എറണാകുളം : മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായിരുന്ന എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്‍റെ (22) മൃതദേഹം കണ്ടെത്തി. മൃതദേഹം ഇന്ദ്രജിത്തിന്‍റെത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കമ്പനി അധികൃതരാണ് ഇന്ദ്രജിത്തിന്‍റെ മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത് രണ്ടാഴ്ചയിലേറെയായി നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ, ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളികളുടെ എണ്ണം രണ്ടായി.എറണാകുളം വെളിയനാട് എടയ്ക്കാട്ടുവയല്‍ കെ.എന്‍. സന്തോഷിന്‍റെയും ഷീനയുടെയും മകനാണ്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇദ്ദേഹം ആഫ്രിക്കയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ദുരന്തത്തില്‍ മരിച്ച കൊല്ലം ചവറ തേവലക്കര നടുവിലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റെ (35) മൃതദേഹം നേരത്തെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. ഒക്ടോബര്‍ 16-ന് നടന്ന അപകടത്തില്‍ ശ്രീരാഗ്, ഇന്ദ്രജിത്ത് ഉള്‍പ്പെടെ അഞ്ചു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മൊസാംബിക്കില്‍ നിന്ന് കൊണ്ടുവന്ന ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് തേവലക്കരയിലെ വീട്ടിലെത്തിച്ച് ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്തിമോപചാരങ്ങള്‍ക്കു ശേഷം സംസ്‌കരിച്ചത്.