മിസോറാമിലേക്ക് നുഴഞ്ഞുകയറ്റം : ഇന്ത്യ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് യുക്രെയ്‌ന്‍

കീവ്: ഇന്ത്യയില്‍ കസ്റ്റഡിയിലെടുത്ത യുക്രേനിയന്‍ പൗരന്മാരെ വിട്ടുകിട്ടണമെന്ന് യുക്രെയ്‌ന്‍. മിസോറാമിലേക്ക് അനധികൃതമായി പ്രവേശിച്ച യുക്രേനിയന്‍ പൗരന്മാരെ ഇന്ത്യയില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ആവശ്യവുമായി യുക്രെയ്ന്‍ എത്തിയത്. വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി യുക്രേനിയൻ അംബാസഡർ ഒലെക്‌സാണ്ടർ പോളിഷ്‌ചുക്ക് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (പടിഞ്ഞാറൻ) സിബി ജോർജുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയിലെ നിയന്ത്രണ മേഖലയിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചൂവെന്നാണ് പൗരന്മാർക്ക് മേലുള്ള കുറ്റം. യുക്രേനിയൻ പൗരന്മാരെ നേരിൽ കാണാനും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിച്ചുവെന്നും യുക്രെയ്‌ൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് യുക്രേനിയൻ പൗരന്മാരെയും ഒരു അമേരിക്കന്‍ പൗരനെയും ഇന്ത്യയില്‍ കസ്‌റ്റഡിയിലെടുത്തതായി റിപ്പോർട്ട് വന്നിരുന്നു. 'വിദേശ പൗരന്മാർ മിസോറാമിൽ എത്തിയത് എന്തിനാണെന്ന് അന്വേഷിച്ച് വരികയാണ്. സാഹചര്യം ഞങ്ങൾക്ക് അറിയാം. ചില സ്വകാര്യതാ കാരണങ്ങളാൽ യുഎസ് പൗരന്മാർ ഉൾപ്പെട്ട കേസുകളെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് യുഎസ് എംബസി വക്താവ് പറഞ്ഞു'.
അതേസമയം സംഭവത്തിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നിലവിൽ മിസോറാമിൽ അനധികൃതമായി പ്രവേശിച്ചു എന്നതാണ് കേസ്. എന്നാല്‍ ഇവര്‍ മറ്റ് കുറ്റകൃത്യങ്ങളൊന്നും ചെയ്‌തതായി ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യുക്രെയ്‌ന്‍ എംബസി പറഞ്ഞു. വിദേശ പൗരന്മാർക്ക് സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണെന്ന് യുക്രെയ്‌ൻ പ്രസ്‌താവനയിൽ വ്യക്തമാക്കി. കൂടാതെ ചില ഇന്ത്യൻ, റഷ്യൻ മാധ്യമങ്ങൾ ഉൾപ്പടെ നിരവധി പേർ വാർത്ത വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇത് സംബന്ധിച്ച് മാർച്ച് 16ന് കോടതിയിൽ വാദം നടന്നിരുന്നു. എന്നാൽ എംബസി പ്രതിനിധികൾക്ക് പൗരന്മാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല. അതേസമയം കോടതി നടപടികളിൽ ആറ് പൗരന്മാർക്കും നിയമ സഹായവും ഒരു പ്രതിഭാഗം അഭിഭാഷകനും നൽകിയിട്ടുണ്ടെന്ന് യുക്രെയ്‌ൻ വ്യക്തമാക്കി. മാർച്ച് 27 വരെ കോടതി കസ്‌റ്റഡി കാലാവധി നീട്ടുകയും ചെയ്‌തു. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ ചില നിയന്ത്രിത പ്രവേശന മേഖലകളുണ്ടെന്നും എന്നാൽ പലയിടത്തും അത് സംബന്ധിച്ച ബോർഡുകളോ മറ്റ് മാർഗ നിർദേശങ്ങളോ ഇല്ലെന്നും യുക്രെയ്‌ൻ പ്രസ്‌താവനയിൽ പറഞ്ഞു.