സാമൂഹ്യമാധ്യമത്തിലൂടെ നല്ല കുടുംബജീവിതത്തിനായി ബോധവൽക്കരണം നടത്തിയ ദമ്പതികൾ തമ്മിലടിച്ചു :കേസെടുത്ത് പോലീസ്

തൃശ്ശൂര്‍: ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. അഭിപ്രായവ്യത്യാസം അടിയില്‍ കലാശിച്ചതോടെ സംഭവം കേസായി. 'ഫിലോക്കാലിയ' ഫൗണ്ടേഷന്‍' നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയില്‍ മാരിയോക്കെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു.
തൊഴിൽപരമായ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ 9 മാസമായി അകന്നുജീവിക്കുകയായിരുന്നു ഇരുവരും.കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി കഴിഞ്ഞ മാസം 25 ന് വൈകിട്ട് 5.30 ന് ഭര്‍ത്താവ് മാരിയോ ജോസഫിന്റെ വീട്ടില്‍ ഇരുന്ന് സംസാരിക്കവേയാണ് വാക്കേറ്റവും കൈയേറ്റവും ഉണ്ടായത്. ബോധപൂർവം ദേഹോപദ്രവം ഏല്‍പ്പിക്കണം എന്ന ഉദ്ദശത്തോടെ മാരിയോ ജോസഫ് ടിവിയുടെ സെറ്റ്‌ടോപ്പ് ബോക്‌സ് എടുത്ത് ജിജിയുടെ തലയില്‍ അടിച്ചു. അതുകൂടാതെ ഇടതുകയ്യില്‍ കടിക്കുകയും തലമുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ജിജിയുടെ കയ്യില്‍ ഇരുന്ന മൊബൈല്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതിലൂടെ 70,000 രൂപയുടെ നഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
നല്ല കുടുംബ ജീവിതം നയിക്കുന്നതിനായി യുവതീയുവാക്കള്‍ക്കായി ധ്യാനങ്ങള്‍ നടത്തി വന്നിരുന്ന ദമ്പതികള്‍ക്ക് സാമൂഹ്യമാധ്യമത്തിൽ ഫോളോവേഴ്‌സായി ലക്ഷങ്ങളുണ്ട് . കുടുംബജീവിതത്തിലെ പ്രശ്‌നപരിഹാരത്തിനായി ഇരുവരും ചേര്‍ന്ന് കൗണ്‍സലിങ്ങും നടത്തിയിരുന്നു. 'ഫിലോകാലിയ' എന്ന പേരിലാണ് ഇവര്‍ ധ്യാന പരിപാടി നടത്തിയിരുന്നത്.