'ലോകയാൻ`26' : ഐ​എ​ൻഎ​സ് സുദർശി​നി ലോക സഞ്ചാരത്തിനായി യാത്ര തിരിച്ചു.

എറണാകുളം: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ പരിശീലന ക​പ്പ​ലായ ഐ​എ​ൻഎ​സ് സുദർശി​നി ലോക സഞ്ചാരത്തിനായി യാത്ര തിരിച്ചു.രാജ്യത്തിൻ്റെ സമുദ്ര പൈതൃകവും നാവികസേനയുടെ കരുത്തും പ്രകടമാക്കുന്ന ഈ  രാജ്യാന്തര സമുദ്രയാത്ര -ലോകയാൻ`26 ' -ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് വൈസ് അഡ്‌മിറൽ സമീർ സക്സേന ഫ്ലാഗ് ഓഫ് ചെയ്‌തു.സമുദ്രങ്ങളെയും അതിർത്തികളെയും മറികടന്ന് ലോകമെമ്പാടും സൗഹൃദത്തിൻ്റെ പാലങ്ങൾ കെട്ടിപ്പടുക്കുന്ന ഒരു യാത്രയയപ്പാണ് ഇതെന്ന് സമീർ സക്സേന പറഞ്ഞു.  രാജ്യങ്ങളും ദൂഖണ്ഡങ്ങളും താണ്ടിയുളള ഈ യാത്ര പത്തു മാസം വരെ നീണ്ടു നിൽക്കും.

ഇന്ത്യൻ നാവികസേനയുടെ പുരോഗതി ലക്ഷ്യമിട്ടുള്ളതും ഇന്ത്യൻ നാവികസേനയുടെ വിദൂര ശേഷിയും സമുദ്ര പൈതൃകവും കടൽയാത്ര ശേഷിയും പ്രദർശിപ്പിക്കുന്നതുമാണ് ഈയൊരുയാത്രയെന്ന് ഐഎൻഎസ് സുദർശിനിയുടെ കമാൻ്റിങ് ഓഫിസർ രവികാന്ദ് നന്ദൂരി പറഞ്ഞു.ദീർഘമായ ഈയൊരു യാത്ര വൈവിധ്യമാർന്ന സമുദ്ര പരിതസ്ഥിതികളിൽ വിപുലമായ ദൂരത്തിൽ പ്രവർത്തിക്കാൻ പ്രാപ്‌തരാക്കുന്നു. ഈ വിന്യാസ സമയത്ത് നമ്മുടെ ദൗത്യം നാവിഗേഷൻ്റെ നേട്ടം മാത്രമല്ല, നമ്മുടെ സൗഹൃദ രാജ്യങ്ങളുമായും അയൽക്കാരുമായും സൗഹൃദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്. കൂടാതെ ലോകമേ തറവാട് എന്ന ആശയത്തെ പ്രചരിപ്പിക്കുകയും ലോകമൊന്നാണന്ന സന്ദേശം നൽകുകയും ചെയ്യുന്നു.ഇന്ത്യയുടെ കഴിവും, പിന്തുണാ സംവിധാനവും മഹാസാഗർ എന്ന ആശയവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിലെ നമ്മുടെ സൗഹൃദ രാജ്യങ്ങളെ മാത്രമല്ല ലോകമെമ്പാടുമുള്ളവരെയും സഹായിക്കുന്നു. കടലിലെ പത്ത് മാസം നീണ്ടുനിൽക്കുന്ന വിന്യാസം നാവിക വൈദഗ്ധ്യം, സമുദ്ര പരിസ്ഥിതി, വ്യത്യസ്‌ത കാലാവസ്ഥാ പ്രതിഭാസങ്ങൾ, കടൽ സാഹചര്യങ്ങൾ എന്നിവ മനസിലാക്കാൻ ഇത് നമ്മുടെ നാവികരെ സഹായിക്കുന്നു.അതുപോലെ കടലിൽ ഉണ്ടാകുന്ന ഏതൊരു വെല്ലുവിളിക്കും തയ്യാറെടുക്കാൻ അവരെ ഇത് പ്രാപ്‌തരാക്കുമെന്നും കമാൻ്റിങ് ഓഫിസർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാവികസേനയുടെ യഥാർത്ഥ മൂല്യങ്ങൾ, പ്രതിരോധശേഷി, ബഹുമാനം, വിവിധ പരിതസ്ഥിതികളിൽ ദൂരെ നിലനിൽക്കാനും ഇന്ത്യൻ നാവികസേനയുടെ ശക്തിയും വിശാലമായ കഴിവും തെളിയിക്കുന്നതാണ് ഈ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎൻഎസ് സുദർശിനിയെന്ന കപ്പൽ പരമ്പരാഗതമയ പായകപ്പലായും യന്ത്രവൽകൃത കപ്പലായും പ്രവർത്തിപ്പിക്കാൻ കഴിയും.

രാജ്യാന്തര സമുദ്ര യാത്രയുടെ ഭാഗമായി 13 രാജ്യങ്ങളിലൂടെയും 18 തുറമുഖങ്ങളിലൂടെ 22,000 നോട്ടിക്കൽ മൈലുകൾ ഈ കപ്പൽ സഞ്ചരിക്കും. സ്ഥിരം ക്രൂ മെമ്പർമാരും നാവിക വിദ്യാർഥികൾ ഉൾപ്പടെ 40 ഓളം പേർ വിവിധ തുറുമുഖങ്ങളിൽ നിന്നും വേറെയും യാത്രയിൽ പങ്കാളികളാകും. ഇത് ഇന്ത്യയുടെ നിലനിൽക്കുന്ന സമുദ്ര പൈതൃകം, ആഗോള വീക്ഷണം, സമുദ്രങ്ങളുടെ നിയന്ത്രണം എന്നിവ പ്രതിഫലിപ്പിക്കുന്ന നാഴികക്കല്ലായ സമുദ്രാന്തര യാത്രയാണ്. രവികാന്ത് നന്ദൂരിയുടെ നേതൃത്വത്തിൽ, കപ്പൽ ചാർട്ട് ചെയ്‌ത ആഗോള പാതയിലൂടെ പടിഞ്ഞാറോട്ട് നീങ്ങുന്നു. സൂയസ് കനാൽ, ജിബ്രാൾട്ടർ കടലിടുക്ക് തുടങ്ങിയ നിർണായക സമുദ്ര ഇടനാഴികളിലൂടെ കടന്ന് അമേരിക്കയിലേക്കുള്ള വഴിയിൽ അറ്റ്ലാൻ്റിക് സമുദ്രം കടന്ന് ഇന്ത്യൻ നാവികസേനയുടെ കഴിവ് പ്രകടമാക്കുന്നു.ഫ്രാൻസിലെ എസ്കേൽ എ സെറ്റെ , യുഎസ്എയിലെ സെയിൽ 4th 250 എന്നിവയുൾപ്പെടെ പ്രശസ്‌തമായ അന്താരാഷ്ട്ര ടോൾ-ഷിപ്പ് ഇവൻ്റുകളിൽ ഐഎൻഎസ് സുദർശിനി പങ്കെടുക്കും. ഇന്ത്യയുടെ അഭിമാനകരമായ കടൽയാത്രാ പാരമ്പര്യം ആഗോള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യും. യാത്രയിലുടനീളം, മൊത്തം 265 ഇന്ത്യൻ നാവികസേനയും കോസ്‌റ്റ് ഗാർഡും ഉൾപ്പെടുന്ന പരിശീലന ഉദ്യോഗസ്ഥർ ഒന്നിലധികം ബാച്ചുകളിലായി യാത്ര ആരംഭിക്കുകയും കഠിനമായ പ്രായോഗിക സെയിൽ പരിശീലനത്തിന് വിധേയരാകുകയും ചെയ്യും.ദീർഘദൂര സമുദ്ര നാവിഗേഷൻ, പരമ്പരാഗത കടൽയാത്ര, കടലിലെ നേതൃത്വം എന്നിവയിൽ വിലമതിക്കാനാവാത്ത പരിചയം നേടുകയും ചെയ്യും. സൗഹൃദപരമായ വിദേശ രാജ്യങ്ങളുമായുള്ള സമുദ്ര സഹകരണം, സാംസ്‌കാരിക കൈമാറ്റം, നാവിക നയതന്ത്രം എന്നിവ ഈ പര്യവേഷണം ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നു. സമുദ്രങ്ങളിലും ഭൂഖണ്ഡങ്ങളിലും ഉടനീളം സഹിഷ്‌ണുത, പ്രൊഫഷണലിസം, സൗഹാർദം എന്നിവ ഉയർത്തിക്കാട്ടുന്ന ഇന്ത്യയുടെ സമുദ്രദർശനത്തിൻ്റെ ഒരു സവിശേഷ പ്രകടനമായിരിക്കും ഐഎൻഎസ് സുദർശിനിയുടെ യാത്ര.