കൗമാരക്കാർ ആത്മഹത്യയെ കുറിച്ച് സെർച്ച് ചെയ്‌താൽ രക്ഷിതാക്കളെ അറിയിക്കുന്ന ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

കൗമാരക്കാർ ആത്മഹത്യയെ കുറിച്ച് സെർച്ച് ചെയ്‌താൽ രക്ഷിതാക്കളെ അറിയിക്കുന്ന ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

മുംബൈ: കൗമാരക്കാർ ആത്മഹത്യയെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ തെരഞ്ഞാൽ ഉടൻ തന്നെ രക്ഷിതാക്കളെ അറിയിക്കുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം. കുട്ടികളുടെ അക്കൗണ്ടുകൾ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാവുന്ന ടീൻ അക്കൗണ്ട് ഫീച്ചർ വഴിയാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുക. കുട്ടികളിലെ ആത്മഹത്യ പ്രവണതയെ സമയബന്ധിതമായി നേരിടാനാണ് രക്ഷാകർതൃ നിയന്ത്രണ സവിശേഷതകളിലൂടെ മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി ലക്ഷ്യമിടുന്നത്.യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ അടുത്ത ആഴ്‌ച മുതൽ ഈ അലേർട്ട് ലഭ്യമാവും. ഈ വർഷം അവസാനത്തോടെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ആത്മഹത്യയുമായോ, സ്വയം ഉപദ്രവപ്പെടുത്തുന്നതുമായോ ബന്ധപ്പെട്ട പദങ്ങൾ ആവർത്തിച്ച് സെർച്ച് ചെയ്‌താൽ രക്ഷിതാക്കളെ അറിയിക്കുമെന്നാണ് ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത്. ഈ സവിശേഷത വഴി ആത്മഹത്യ പ്രവണതയെ ചെറുക്കാൻ നേരത്തെയുള്ള ഇടപെടൽ സാധ്യമാക്കാനും, മാനസികാരോഗ്യ ചർച്ചകൾ നാവിഗേറ്റ് ചെയ്യാനും ഇൻസ്റ്റാഗ്രാം ലക്ഷ്യമിടുന്നു.ഇൻസ്റ്റാഗ്രാമിൽ ഭൂരിഭാഗം കൗമാരക്കാരും ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു തെരച്ചിലും നടത്താറില്ലെന്ന് മെറ്റ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും, അത്തരമൊരു സെർച്ച് നടത്തുമ്പോൾ ഇൻസ്റ്റാഗ്രാം ഈ പദപ്രയോഗങ്ങൾ തിരിച്ചറിയുകയും ഉടനടി അവയെ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. തുടർന്ന് ഇത് കൗമാരക്കാരെ പ്രൊഫഷണൽ ഉറവിടങ്ങളിലേക്കും പ്രാദേശിക ഹെൽപ്പ് ലൈനുകളിലേക്കും റീഡയറക്‌ട് ചെയ്യും.

അനാവശ്യ പരിഭ്രാന്തി ഒഴിവാക്കുന്നതിനായി ഒരൊറ്റ സെർച്ച് നടത്തുമ്പോഴേക്ക് ഇൻസ്റ്റാഗ്രാം ഇക്കാര്യം മാതാപിതാക്കളെ അറിയിക്കില്ല. കുറഞ്ഞ സമയത്തിനുള്ളിൽ നിരന്തരമായി സെർച്ച് ചെയ്‌താലാണ് രക്ഷിതാക്കൾക്ക് അലേർട്ട് നൽകുക. മാതാപിതാക്കൾ അലേർട്ട് നൽകുന്നതിനായി ടീൻ അക്കൗണ്ട് നിർമിക്കുമ്പോൾ നൽകിയ വിവരങ്ങൾ ഉപയോഗിക്കും.ലഭ്യമായ കോൺടാക്റ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇമെയിൽ, ടെക്‌സ്‌റ്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി മാതാപിതാക്കൾക്ക് അലേർട്ടുകൾ അയയ്‌ക്കാം. ഇൻസ്റ്റാഗ്രാമിലൂടെ നോട്ടിഫിക്കേഷനായും അലേർട്ട് നൽകാം. ഇത് ടാപ്പ് ചെയ്യുമ്പോൾ, താങ്കളുടെ മകൻ/മകൾ നിരന്തരം ആത്മഹത്യയോ സ്വയം ഉപദ്രവമോ ആയി ബന്ധപ്പെട്ട പദങ്ങൾ തിരയുന്നുണ്ടെന്ന് വിശദീകരിക്കുന്ന ഒരു പൂർണ്ണ സ്‌ക്രീൻ സന്ദേശം മാതാപിതാക്കൾക്ക് കാണാൻ കഴിയും.പുതിയ അലേർട്ട് ഫീച്ചർ ആദ്യം ആരംഭിക്കുന്നത് ഇൻസ്റ്റാഗ്രാം സെർച്ചിലാണ്. എന്നാൽ കൗമാരക്കാർ ഇത്തരം സെർച്ചുകൾ നടത്തുന്നത് കൂടുതലായും എഐ മോഡലുകളിലാണ്. ഇത്തരം മോഡലുകളിലും മെറ്റ ഇപ്പോൾ സമാനമായ രക്ഷാകർതൃ അറിയിപ്പ് സവിശേഷതകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കൗമാരക്കാരൻ ആത്മഹത്യയെക്കുറിച്ചോ, സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ എഐ പ്ലാറ്റ്‌ഫോമിൽ സംഭാഷണം നടത്തിയാൽ മാതാപിതാക്കളെ അറിയിക്കുന്ന തരത്തിൽ പുതിയ ഫീച്ചർ പരിശീലനം നേടിയിട്ടുണ്ട്. ഇത് വൈകാതെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.