ഇൻസ്റ്റാഗ്രാം റീലുകൾ ഇനി അഞ്ചിലധികം ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാം

ഇൻസ്റ്റാഗ്രാം റീലുകൾ ഇനി അഞ്ചിലധികം ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാം

മുംബൈ:ഇടയ്‌ക്കിടെ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകളുമായി എത്താറുണ്ട് മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം. റീൽസ് ക്രിയേറ്റർമാർക്കും കാഴ്‌ച്ചക്കാർക്കുമായി അഞ്ച് ഇന്ത്യൻ ഭാഷകളിൽ കൂടെ എഐ പവേർഡ് വോയ്‌സ് ട്രാൻസ്‌ലേഷൻ, ലിപ്-സിങ്കിങ് സവിശേഷതകൾ ലഭ്യമാക്കിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ഇപ്പോൾ. ബംഗാളി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്ത്യൻ ഭാഷകൾക്കാണ് പിന്തുണ ലഭിക്കുക.മുമ്പ് ഇംഗ്ലീഷ്, ഹിന്ദി, സ്‌പാനിഷ്, പോർച്ചുഗീസ് ഭാഷകളിൽ ഫീച്ചർ ലഭ്യമാക്കിയിരുന്നെങ്കിലും, ഒരൊറ്റ ഇന്ത്യൻ ഭാഷയെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം പരിപാടിയിലാണ് കൂടുതൽ ഇന്ത്യൻ ഭാഷകൾക്ക് ട്രാൻസ്‌ലേഷൻ, ലിപ്-സിങ്കിങ് സവിശേഷതകൾ നൽകുന്നതായി അറിയിച്ചത്.

IPSOS നടത്തിയ പഠനമനുസരിച്ച്, ഷോർട്ട് വീഡിയോകൾ കാണുന്ന 92 ശതമാനം ആളുകളും ഇൻസ്റ്റാഗ്രാം റീൽസിനെയാണ് ഉപയോഗപ്പെടുത്തുന്നത്. പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ഭാഷ തടസ്സമില്ലാതെ ഇഷ്‌ട്ടപ്പെട്ട റീലുകൾ ആസ്വദിക്കാൻ അവസരം നൽകും.

പ്രവർത്തനം എങ്ങനെ?

നിങ്ങളൊരു റീൽ ക്രിയേറ്റർ ആണെങ്കിൽ, ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ അപ്‌ലോഡ് ചെയ്യുമ്പോഴോ എഡിറ്റ് ചെയ്യുമ്പോഴോ Meta AI translation ഓപ്‌ഷൻ തെരഞ്ഞെടുക്കാം. ഇത് പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ ഒരു ഭാഷയിലുള്ള ഓഡിയോ, ഈ ഫീച്ചർ പിന്തുണയ്‌ക്കുന്ന മറ്റൊരു ഭാഷയിലേക്ക് മാറ്റാം. കൃത്യമായ ലിപ്‌സിങ്കോടെയുള്ള വിവർത്തനം ലഭിക്കുമെന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത.സാധാരണ പോലെ വിവർത്തനത്തിന് ശേഷം നമ്മുടെ ശബ്‌ദത്തെ റോബോട്ടിക് ഡബ് വോയ്‌സ്‌ഓവർ ഉപയോഗിച്ച് മറ്റൊരു ആർടിഫിഷ്യൽ ശബ്‌ദമാക്കുന്നില്ല എന്നതാണ് ഇതിന്‍റെ ഹൈലൈറ്റ്. ഇത് വിവർത്തനത്തിന് ശേഷവും റീൽ ക്രിയേറ്ററിന്‍റെ യഥാർത്ഥ ശബ്‌ദം തന്നെ നിലനിർത്തും. അതിനാൽ തന്നെ വളരെ സ്വാഭാവികമായ റീൽ ആയി തോന്നും.ലിപ്‌സിങ്ക് ഫീച്ചറിൽ മെറ്റ എഐ വിവർത്തനം ചെയ്യുമ്പോൾ, ക്രിയേറ്ററിന്‍റെ ചുണ്ടുകളുടെയും വായയുടെയും ചലനങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഓഡിയോ ഔട്ട്‌പുട്ട് ആണ് ലഭിക്കുന്നത്. ഇത് സ്വാഭാവികമായും അതേ ഭാഷയിൽ തന്നെ റീൽ ക്രിയേറ്റർ സംസാരിക്കുന്നതായി തോന്നിപ്പിക്കും.ഒരു ഉപയോക്താവ് എന്ന നിലയിൽ, നിങ്ങൾ കാണുന്ന ഇൻസ്റ്റാഗ്രാം റീലുകൾ എങ്ങനെ വിവർത്തനം ചെയ്യാമെന്ന് പരിശോധിക്കാം.

  • ഘട്ടം 1: താഴെ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക
  • ഘട്ടം 2: മുകളിൽ വലതുവശത്തുള്ള ഹാംബർഗർ മെനു ഐക്കണിൽ ടാപ്പ് ചെയ്യുക
  • ഘട്ടം 3: താഴേക്ക് സ്ക്രോൾ ചെയ്‌ത് 'Your app and media' ക്ലിക്ക് ചെയ്‌ത് 'Language and translations' തെരഞ്ഞെടുക്കുക.
  • ഘട്ടം 4: റീൽസ് ട്രാൻസ്‌ലേഷനിൽ 'Translate to' ക്ലിക്ക് ചെയ്യുക.
  • ഘട്ടം 5: നിങ്ങളുടെ ഫീഡിൽ ഇൻസ്റ്റാഗ്രാം റീലുകൾ ദൃശ്യമാകാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കുക