ഇന്റർനെറ്റിൽ സ്‌നാപ്‌ചാറ്റ് മുതല്‍ ആമസോണ്‍ വരെ ഇന്ന് പണിമുടക്കി

ന്യൂയോർക്ക്: ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനുകള്‍ പണിമുടക്കി. പെര്‍പ്ലക്‌സിറ്റി, സ്‌നാപ്‌ച്ചാറ്റ്, കാന്‍വ, ആമസോൺ, സ്‌പോട്ടിഫൈ അടക്കമുള്ള ഒട്ടനവധി ജനപ്രിയ ആപ്പുകളും വെബ്സൈറ്റുകളുമാണ് പ്രവർത്തനരഹിതമായത്. എഡബ്ല്യുഎസ് (ആമസോൺ വെബ് സർവീസ്), റോബിൻഹുഡ് എന്നിവയുൾപ്പെടെ നിരവധി പ്രധാന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇന്ന് തടസങ്ങൾ നേരിട്ടതായി ഔട്ടേജ് മോണിറ്ററിങ് സൈറ്റായ ഡൗൺഡിറ്റക്‌ടർ റിപ്പോർട്ട് ചെയ്‌തു.
ഡൗൺഡിറ്റക്‌ടർ പ്രകാരം യുഎസിൽ 2,000-ത്തിലധികം എഡബ്ല്യുഎസ് സേവനങ്ങൾ തകരാറിലായതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ നിരവധി ഉപയോക്താക്കൾക്ക് വ്യത്യസ്‌ത ഡിജിറ്റൽ സേവനങ്ങളും ആപ്പുകളും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ആമസോൺ വെബ് സർവീസിൽ നിന്നാണ് തടസങ്ങൾ വന്നതെന്ന് ഡൗൺഡിറ്റക്‌ടർ വ്യക്തമാക്കി.
എന്താണ് എഡബ്ല്യുഎസ് (AWS)?
ആമസോണിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ക്ലൗഡ് സേവന ദാതാവാണ് എഡബ്ല്യുഎസ്. ഇൻ്റർനെറ്റിൻ്റെ വലിയൊരു ഭാഗം ഇത് പിന്തുണയ്ക്കുന്നു. ലോകത്തിലെ ഇൻ്റർനെറ്റ് വിതരണ ശൃംഖലയ്ക്ക് വേണ്ട സൗകര്യങ്ങൾ നൽകുന്ന ഒരു സാങ്കേതിക സേവന ദാതാവാണ് എഡബ്ല്യുഎസ്. നിരവധി വെബ്‌സൈറ്റുകളും സേവനങ്ങളും ആപ്ലിക്കേഷനുകൾ ഇത് പ്രവർത്തിപ്പിക്കുന്നു.ആമസോൺ വെബ് സർവീസസ് എന്നതിൻ്റെ ചുരുക്കപ്പേരാണ് AWS. ആമസോൺ നൽകുന്ന, ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങളുടെ ഒരു വലിയ ശേഖരമാണിത്. സ്വന്തമായി ഭീമൻ ഡാറ്റാ സെൻ്ററുകളും സെർവറുകളും സ്ഥാപിക്കുന്നതിന് പകരം, കമ്പ്യൂട്ടിങ് സേവനങ്ങൾക്കായി ആമസോണിൻ്റെ ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ ഇത് കമ്പനികളെ സഹായിക്കുന്നു.ഒക്ടോബർ 20 ന് അർധരാത്രിക്ക് ശേഷം, എഡബ്ല്യുഎസ് അതിൻ്റെ സേവന സ്റ്റാറ്റസ് പേജിൽ ആദ്യം ഒരു പ്രശ്‌നം രജിസ്റ്റർ ചെയ്‌തു. ഏകദേശം പുലർച്ചെ 2 മണിയോടെ, പ്രശ്‌നത്തിൻ്റെ കാരണം തിരിച്ചറിഞ്ഞതായും അരമണിക്കൂറിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടങ്ങിയതായും കമ്പനി പറഞ്ഞു.മറ്റുള്ളവ കുറച്ച് സമയത്തിനു ശേഷം ഭാഗികമായി പരിഹരിക്കാൻ സാധിച്ചു. എന്നാൽ റെഡ്ഡിറ്റിൻ്റെ തകരാർ ഇപ്പോഴും പ്രവർത്തനരഹിതമായി തന്നെ തുടരുന്നു. വെരിസോൺ, യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങളിൽ ഇപ്പോഴും കാര്യമായ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ആമസോൺ പ്രൈം വീഡിയോ, സ്‌പോട്ടിഫൈ, കോയിൻബേസ്, സൂം എന്നിവയാണ് തകരാറുകൾ റിപ്പോർട്ട് ചെയ്‌ത മറ്റ് പ്രധാന ആപ്ലിക്കേഷനുകള്‍. ബ്രിട്ടനില്‍ പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത് തുടങ്ങിയതെന്ന് ബ്രിട്ടൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.പിന്നാലെ നിരവധി പരാതികൾ വന്നുതുടങ്ങി. ഇന്ത്യയിലുള്‍പ്പെടെ ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതിയായി അറിയിച്ചു. അതേസമയം, ചില പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
തടസം ബാധിച്ച സൈറ്റുകളും ആപ്പുകളും:
- റോബ്ലോക്‌സ്
- കോയിൻബേസ്
- പ്രൈം വീഡിയോ
- കാൻവ
- ലൈഫ്360
- ഫോർട്ട്‌നൈറ്റ്
- ആപ്പിൾ ടിവി
- റോബിൻഹുഡ്
- ഡുവോലിംഗോ
- റിംഗ്
- ദി ന്യൂയോർക്ക് ടൈംസ്
- സ്‌നാപ്‌ച്ചാറ്റ്
- ആമസോൺ.കോം
- കോളജ്ബോർഡ്
- വെൻമോ
- പബ്‌ജി
- വേഡ്ലെ
- വാട്ട്നോട്ട്
- അലക്‌സ
- റെയിൻബോ സിക്‌സ് സീജ്
- ഗുഡ് റീഡ്‌സ്
- മക്ഡൊണാൾഡ്സ് ആപ്പ്
- പെർപ്ലക്‌സിറ്റി AI
- ക്രഞ്ചിറോൾ
- വെരിസോൺ
പെർപ്ലക്‌സിറ്റിയും തകരാറിൽ; ഉടൻ പരിഹരിക്കുമെന്ന് കമ്പനി സിഇഒ.പ്രവർത്തനരഹിതമായ ആപ്പ് ലിസ്റ്റിൽ പെർപ്ലക്‌സിറ്റിയും. ചാറ്റ് ജിപിടി പോലെ എഐ അടിസ്ഥാനപ്പെടുത്തിയുള്ള സെർച്ച് എഞ്ചിനും ചാറ്റ് അസിസ്റ്റൻ്റുമാണ് പെർപ്ലക്‌സിറ്റി. എന്നാൽ ചാറ്റ് ജിപിടിയിൽ നിന്നും വ്യത്യസ്‌തമായി ഇൻ്റർനെറ്റിലെ വിവരങ്ങൾ ഉപയോക്താവിന് നേരിട്ടെടുത്ത് നൽകുന്നു. സൂക്ഷ്‌മവും വ്യക്തതയുള്ളതുമായ മറുപടിയാണ് നൽകുന്നത്. പെർപ്ലക്‌സിറ്റി പ്രവർത്തനരഹിതമായതോടെ കമ്പനി സിഇഒ അരവിന്ദ് ശ്രീനിവാസ് ഇതുസംബന്ധിച്ച വിവരം തൻ്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു.