രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഈ ആഴ്ച ആരംഭിക്കും

ഗുവാഹത്തി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചു രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ സർവീസ് ഈ ആഴ്ച തന്നെ ആരംഭിക്കും.
റെയില്‍വേ നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി രാത്രികാല ദീർഘദൂര യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ട്രെയിനാണിത്. വടക്കുകിഴക്കൻ ഇന്ത്യയെയും കിഴക്കൻ ഇന്ത്യയെയും തമ്മിൽ അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് റെയിൽവേയുടെ ആധുനികവൽക്കരണത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
ആകെ 16 കോച്ചുകളുള്ള ഈ അത്യാധുനിക ട്രെയിനിൽ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിൽ 11 എസി 3-ടയർ കോച്ചുകളും, 4 എസി 2-ടയർ കോച്ചുകളും, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചും ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച കുഷ്യൻ ബെർത്തുകൾ, ശബ്ദം കുറഞ്ഞ യാത്ര ഉറപ്പാക്കുന്ന സാങ്കേതികവിദ്യ, ആധുനിക സസ്പെൻഷൻ സംവിധാനം എന്നിവ രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരതിന്‍റെ പ്രത്യേകതകളാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ആഗോള നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഈ ആദ്യ സ്ലീപ്പർ എക്സ്പ്രസ്സിൽ ഒരുക്കിയിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യയായ 'കവച' (Kavach) സംവിധാനം ട്രെയിനിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, നവീനമായ ശൗചാലയങ്ങൾ, അത്യാധുനിക പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് വാതിലുകൾ എന്നിവ ട്രെയിനിലെ യാത്ര കൂടുതൽ സുഗമമാക്കുന്നു. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ലോക്കോ പൈലറ്റുമായി സംസാരിക്കാനുള്ള ടോക്ക്-ബാക്ക് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയ റെയിൽവേ എഞ്ചിനീയറിംഗിന്‍റെ കരുത്ത് തെളിയിക്കുന്ന ഏറോഡൈനാമിക് ഡിസൈനും അത്യാധുനിക കൺട്രോൾ പാനലുകളോട് കൂടിയ ഡ്രൈവർ ക്യാബിനും ഈ ട്രെയിനിന്‍റെ സവിശേഷതയാണ്.ഈ ചരിത്രപരമായ സർവീസ് അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കിടയിലുള്ള കണക്റ്റിവിറ്റിയിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസമിലെ കാമരൂപ് മെട്രോപൊളിറ്റൻ, ബോംഗൈഗാവ് ജില്ലകൾക്കും പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ, ജൽപായ്ഗുരി, മാൾഡ, മുർഷിദാബാദ്, പുർബ ബർധമാൻ, ഹൂഗ്ലി, ഹൗറ എന്നീ ജില്ലകൾക്കും ഈ സേവനം വലിയ ഗുണം ചെയ്യും. ദീർഘദൂര രാത്രി യാത്രകൾ കൂടുതൽ വേഗതയുള്ളതും സുഖകരവുമാക്കുന്നതിലൂടെ വ്യാപാര-വിനോദസഞ്ചാര മേഖലകളിൽ വലിയ പുരോഗതിയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.ഇന്ത്യൻ റെയിൽവേയുടെ ഭാവിയിലേക്കുള്ള ചുവടുവെപ്പായി കണക്കാക്കുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് രാജ്യത്തെ റെയിൽവേ ശൃംഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.