ISRO യുടെ 'ബാഹുബലി' റോക്കറ്റിൽ അമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള 'ബ്ലൂബേർഡ്- ബ്ലോക്ക് 2 ഭ്രമണപഥത്തിൽ ! : ചരിത്ര ദൗത്യവുമായി ഇന്ത്യ

ശ്രീഹരിക്കോട്ട :അമേരിക്കയുടെ ഭാരമേറിയ 'ബ്ലൂബേർഡ്- ബ്ലോക്ക് 2' ആശയവിനിമയ ഉപഗ്രഹവുമായി കുതിച്ചുയർന്ന് ഐഎസ്‌ആർഒയുടെ വാണിജ്യ വിക്ഷേപണ വാഹനമായ 'എൽവിഎം 3. ഇന്ന് (ഡിസംബർ 24) ഇന്ത്യൻ സമയം രാവിലെ 8.55ഓടെയാണ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത്. സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപിച്ചത്. ഉപഗ്രഹത്തെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കും.
അമേരിക്കയുടെ സുപ്രധാന ഉപഗ്രഹ വിക്ഷേപണ ദൗത്യമാണിത്. ടവറില്ലാതെ സ്‌മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ഹൈസ്‌പീഡ് സെല്ലുലാർ ബ്രോഡ്‌ബാൻഡ് എത്തിക്കുക എന്നതാണ് ബ്ലൂബേർഡ് ദൗത്യം ലക്ഷ്യമിടുന്നത്. ഐഎസ്‌ആർഒയുടെ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ എൽവിഎം-3 വിക്ഷേപണത്തിന്‍റെ ഭാഗമായതിനാൽ ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിൽ സുപ്രധാന നാഴികക്കല്ലാണ് ഇത്.
യുഎസ് ആസ്ഥാനമായ കമ്പനിയായ എഎസ്‌ടി സ്‌പേസ്മൊബൈൽ വികസിപ്പിച്ചെടുത്ത ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹം. എഎസ്‌ടി സ്‌പേസ്മൊബൈലും ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും(എൻഎസ്‌ഐഎൽ) തമ്മിൽ ഒപ്പുവച്ച വാണിജ്യ ദൗത്യത്തിന്‍റെ ഭാഗമായാണ് ബ്ലൂബേർഡ്- ബ്ലോക്ക് 2 വിക്ഷേപിച്ചത്. ഇന്ത്യയിൽ വാണിജ്യ കരാറിന് കീഴിലുള്ള വിക്ഷേപണങ്ങളുടെ ചുമതല ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിനാണ്.ഇസ്രോയുടെ കരുത്തൻ റോക്കറ്റ്, LVM3
വിദേശ ഉപഗ്രഹ വിക്ഷേപണങ്ങൾക്കുള്ള ഇന്ത്യയുടെ മുതൽക്കൂട്ടാണ് പിഎസ്‌എൽവിയെങ്കിലും കൂടുതൽ ഭാരമേറിയ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ളതാണ് 'ബാഹുബലി' എന്നറിയപ്പെടുന്ന എൽവിഎം -3. ഭാരമേറിയ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ളതിനാലാണ് ഇതിനെ ബാഹുബലി എന്ന് വിളിക്കുന്നത്. അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള എൽവിഎം -3 2022ലാണ് വാണിജ്യാടിസ്ഥാനത്തിൽ അരങ്ങേറ്റം കുറിച്ചത്.
രണ്ട് S200 സോളിഡ് സ്ട്രാപ്പ്-ഓൺ ബൂസ്റ്ററുകൾ, ഒരു ലിക്വിഡ് കോർ സ്റ്റേജ് (L110), ഒരു ക്രയോജനിക് അപ്പർ സ്റ്റേജ് (C25) എന്നിവ ഉൾക്കൊള്ളുന്ന മൂന്ന്-ഘട്ട വിക്ഷേപണ വാഹനമാണ് ഇത്. ഈ വിക്ഷേപണ വാഹനത്തിന് 43.5 മീറ്റർ ഉയരമുണ്ട്.
യുഎസ് ഉപഗ്രഹങ്ങളുടെ വിശ്വസനീയമായ വാണിജ്യ വിക്ഷേപണ വാഹന ദാതാവായി ഇന്ത്യ വളരുന്നതിന് മികച്ച ഉദാഹരണമാണ് ബ്ലൂബേർഡ് ദൗത്യം. മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ചും ദൗത്യം പ്രാധാന്യമേറിയതാണ്. ലോ എർത്ത് ഓർബിറ്റിൽ സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡും താങ്ങിയാണ് എൽവിഎം 3 കുതിച്ചുയർന്നത്. ഇന്ത്യൻ മണ്ണിൽ നിന്ന് LVM3 വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡും ഇതാണ്.
ബ്ലൂബേർഡ് ഉപഗ്രഹത്തിനെ കുറിച്ച് :
യുഎസ് ആസ്ഥാനമായ കമ്പനിയായ എഎസ്‌ടി സ്‌പേസ്മൊബൈൽ വികസിപ്പിച്ചെടുത്ത ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹത്തിന് ഏകദേശം 6,500 കിലോഗ്രാം ഭാരമുണ്ട്. ആഗോളതലത്തിൽ സ്‌മാർട്ട്‌ഫോണിലേക്ക് നേരിട്ട് സെല്ലുലാർ ബ്രോഡ്‌ബാൻഡ് എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആസൂത്രിത നക്ഷത്രസമൂഹത്തിന്‍റെ ഭാഗമാണിത്. ഏകദേശം 2,400 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഘട്ടം ഘട്ടമായുള്ള ആന്‍റിനകൾ ഉപഗ്രഹത്തിലുണ്ട്. ഇത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്ന ഏറ്റവും വലിയ വാണിജ്യ ശ്രേണിയായി ഉപഗ്രഹത്തെ മാറ്റും.
ഓരോ ഉപഗ്രഹവും ഉയർന്ന പ്രോസസ്സിങ് ബാൻഡ്‌വിഡ്ത്ത് പിന്തുണയ്ക്കും. കൂടാതെ പ്രത്യേക ഗ്രൗണ്ട് ഹാർഡ്‌വെയർ ഇല്ലാതെ അതിവേഗ കണക്റ്റിവിറ്റി നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഇത്.
ഇന്ത്യക്കിത് അഭിമാന ദൗത്യം
വിക്ഷേപണത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്ന് നൂതന അന്താരാഷ്ട്ര ഉപഗ്രഹങ്ങൾക്കായുള്ള വിശ്വസനീയമായ വിക്ഷേപണ വാഹന ദാതാവെന്ന ഇന്ത്യയുടെ പരിവർത്തനത്തെ അടിവരയിടുന്നതാണ് ഈ ദൗത്യം. എൽവിഎം-3 ഉപയോഗിച്ച് ഉയർന്ന മൂല്യമുള്ള യുഎസ് വാണിജ്യ ഉപഗ്രഹം വിക്ഷേപിച്ചത് ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തും. മാത്രമല്ല, ഹെവി-ലിഫ്റ്റ് വിക്ഷേപണ ശേഷിയിലെ രാജ്യത്തിന്‍റെ വളർച്ചയെയും ഇത് സൂചിപ്പിക്കുന്നു.