ഗഗൻയാൻ ദൗത്യം :ഐഎസ്‌ആർഒയുടെ പാരച്യൂട്ട് പരീക്ഷണം വിജയകരം

ഹൈദരാബാദ്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള നിർണായക പരീക്ഷണം വിജയകരമായി പൂർത്തിയായതായി ഐഎസ്‌ആർഒ. ഗഗൻയാൻ ദൗത്യത്തിൽ നിർണായകമാണ് പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ്. ക്രൂ മൊഡ്യൂളിനായുള്ള പ്രധാന പാരച്യൂട്ടുകളിൽ ഒന്നിന്‍റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഗഗൻയാൻ ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശയാത്രികരെ സ്‌പ്ലാഷ് ഡൗൺ സമയത്ത് തിരികെ കൊണ്ടുവരുന്ന പാരച്യൂട്ട് സംവിധാനം സുരക്ഷിതമായി പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനാണ് ടെസ്റ്റ് നടത്തിയത്.
നവംബർ 3ന് ഉത്തർപ്രദേശിലെ ഝാൻസിയിലെ ബാബിന ഫീൽഡ് ഫയറിങ് റേഞ്ചിൽ (BFFR) നടന്ന ദൗത്യം വിജയിച്ചതായി ഐഎസ്‌ആർഒ ഇന്നലെയാണ് വെളിപ്പെടുത്തിയത് . പാരച്യൂട്ട് സിസ്റ്റത്തിന്‍റെ യോഗ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ഇന്‍റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റുകളുടെ (IMAT) പരമ്പരയുടെ ഭാഗമാണ് ഈ പരീക്ഷണമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചത്. ഓഗസ്റ്റിലാണ് ആദ്യ ഇന്‍റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് നടന്നത്.
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണ് ഗഗൻയാൻ ദൗത്യം. മൂന്നംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ഗഗൻയാൻ ലക്ഷ്യമിടുന്നത്. ഇതിനായി ഐഎസ്‌ആർഒ ഒരു മനുഷ്യ-റേറ്റഡ് വിക്ഷേപണ വാഹനം, ഒരു ഓർബിറ്റൽ മൊഡ്യൂൾ, ഒരു ക്രൂ-എസ്കേപ്പ് സിസ്റ്റം എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരുമായി പോവുന്ന ദൗത്യത്തിന് മുൻപ്, നിർണായക സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി ആദ്യം ആളില്ലാ ദൗത്യങ്ങൾ നടത്തും.പാരച്യൂട്ടുകൾ ഉപയോഗിച്ചാണ് ബഹിരാകാശത്ത് നിന്ന് തിരിച്ചുവരുന്ന പേടകങ്ങൾ ലാൻഡിങ് നടത്തുക. ലാൻഡിങ് സമയത്തെ വേഗത കുറയ്ക്കാനും, അതുവഴി ആഘാതങ്ങൾ കുറയ്‌ക്കുന്നതിനുമാണ് ഇത്. ഭൂമിയിലേക്ക് പുനഃപ്രവേശിക്കുന്ന സമയത്ത് പേടകത്തിന്‍റെ വേഗത നിയന്ത്രിക്കുന്നത് പാരച്യൂട്ട് ആണ്.
പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നാൽ ഉയരങ്ങളിൽ വെച്ച് ബഹിരാകാശ പേടകത്തിന്‍റെ വേഗത പാരച്യൂട്ടുകൾ നിയന്ത്രിക്കുകയാണ് ചെയ്യുക. ഇതിനായി എല്ലാ ബഹിരാകാശ പേടകങ്ങളിലും പാരച്യൂട്ടുകൾ ഉണ്ടാകും. പാരച്യൂട്ടിന്‍റെ നിയന്ത്രണത്തോടെയായിരിക്കും പേടകം കടലിലേക്ക് പതിക്കുക. വേഗത നിയന്ത്രിക്കാനായില്ലെങ്കിൽ ആഘാതങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.
പേടകത്തിന്‍റെ പുനഃപ്രവേശന സമയത്തും സ്പ്ലാഷ്‌ഡൗൺ സമയത്തും ക്രൂ മൊഡ്യൂളിന്‍റെ വേഗത കുറച്ച് പാരച്യൂട്ടുകളുടെ മുഴുവൻ സ്യൂട്ടും വിലയിരുത്തുന്നതിനാണ് ഇന്‍റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്. പേടകത്തിന്‍റെ പ്രാരംഭ വേഗത കുറയ്ക്കുന്നതിനായി രണ്ട് ഡ്രോഗ് പാരച്യൂട്ടുകളും, തുടർന്ന് പൈലറ്റ് ച്യൂട്ടുകളും, സുരക്ഷിതമായ ലാൻഡിങിനായി മൂന്ന് പ്രധാന പാരച്യൂട്ടുകളും ഉണ്ടായിരിക്കും.