'കോൺഗ്രസ് ജനാധിപത്യ പാർട്ടി, കാഴ്‌ചപ്പാടുകളെ അടിച്ചമർത്തില്ല' തരൂരിൻ്റെ നിലപാടിൽ പ്രതികരണവുമായി ജയറാം രമേശ്

'കോൺഗ്രസ് ജനാധിപത്യ പാർട്ടി, കാഴ്‌ചപ്പാടുകളെ അടിച്ചമർത്തില്ല'  തരൂരിൻ്റെ നിലപാടിൽ പ്രതികരണവുമായി ജയറാം രമേശ്

ന്യൂഡൽഹി: പാർട്ടി നിലപാടുകളിൽ നിന്ന് വ്യത്യസ്‌തമായി പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെ പ്രശംസിച്ച ശശി തരൂരിൻ്റെ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ പ്രകടിപ്പിക്കാൻ അനുവദിക്കുന്ന ഒരു ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ് എന്നും അതാണ് അതിൻ്റെ ശക്തിയെന്നും ജയറാം രമേശ് പറഞ്ഞു.തരൂരിൻ്റെ പരാമർശങ്ങളുടെ വെളിച്ചത്തിൽ കോണ്‍ഗ്രസ് നേതാക്കളുടെ  നിലപാട് എന്താണെന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ്   "ഞങ്ങളുടെ പാർട്ടിയിൽ വളരെ അറിവുള്ള, വളരെ പരിചയസമ്പന്നരായ നേതാക്കളുണ്ട്. അവർക്ക് ദേശീയ, അന്തർദേശീയ വിഷയങ്ങളെക്കുറിച്ച് ധാരാളം പറയാനുണ്ട്. ഞങ്ങൾ ഒരു ജനാധിപത്യ പാർട്ടിയാണ്. വ്യത്യസ്ത കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ ഞങ്ങൾ അനുവദിക്കുന്നു" എന്ന് ജയറാം രമേശ്  മറുപടി പറഞ്ഞത്.

"പാർട്ടി ഫോറങ്ങളിൽ ഞങ്ങൾ സ്വതന്ത്രമായ ചർച്ചകൾ നടത്തുകയും തുറന്ന സംവാദങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്‌തമായ കാഴ്‌ചപ്പാട് പ്രകടിപ്പിക്കുന്ന ആളുകൾ ഉണ്ടാകാം, പക്ഷേ അത് കോൺഗ്രസ് പാർട്ടിയുടെ ശക്തിയായാണ് ഞാൻ കാണുന്നതെന്ന് നിങ്ങൾക്കറിയാം. ഞങ്ങൾ ഒരു ജനാധിപത്യ പാർട്ടിയാണ്. ഞങ്ങൾ ഒരു ഉന്നത പാർട്ടിയല്ല. കാഴ്‌ചപ്പാടുകളെ അടിച്ചമർത്തുന്ന പാർട്ടിയല്ല ഞങ്ങളുടേത്" ജയറാം രമേശ് പി‌ടി‌ഐയോട് പറഞ്ഞു. എന്നാൽ കോൺഗ്രസിൻ്റെ കാതലായ നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കുന്ന നിലപാടാണ്...അല്ലെങ്കിൽ നിയുക്ത പാർട്ടി നേതാക്കൾ പാർട്ടിക്കുവേണ്ടി സംസാരിക്കുമ്പോൾ എടുക്കുന്ന നിലപാടാണ്" ജയറാം രമേശ് പറഞ്ഞു.

തരൂരിന് എതിരെ വിമർശനം

മോദിയോടുള്ള തരൂരിൻ്റെ ആരാധനയെ കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി ഹെഡ് പവൻ ഖേര വിമർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ജയറാം രമേശ് പ്രതികരണം നടത്തിയത്. ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പോലും ഇപ്പോൾ അദ്ദേഹത്തിന് കേൾക്കാൻ കഴിയുന്നുണ്ടെങ്കിൽ, മോദിയോടുള്ള അദ്ദേഹത്തിൻ്റെ ആരാധന ഭൗതിക ലോകത്തെ മറികടന്നതായാണ് തോന്നുന്നു എന്നാണ് പവൻ ഖേര പറഞ്ഞത്.എന്നാൽ ഇന്ത്യയിലെ സാധാരണക്കാരായ നാവികരെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രസ്താവനയ്ക്ക് രാഷ്ട്രീയപരമായ നിറം നൽകുന്നത് അസാധാരണമാണെന്നായിരുന്നു തരൂരിൻ്റെ മറുപടി. വിദേശകാര്യ സമിതി ജമ്മു കശ്‌മീരിൽ എത്തിയത് താഴ്‌വരയിലെ സ്ഥിതിഗതികൾ വിലയിരുത്താനല്ലെന്നും ഇന്ത്യ-പാകിസ്ഥാൻ, ചൈന-ഇന്ത്യ ബന്ധങ്ങൾ, പാസ്‌പോർട്ട് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും തരൂർ പറഞ്ഞിരുന്നു.