ബിഹാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയില്‍

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയില്‍. 2025 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ ആവശ്യം.
മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ പേരില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ ആരോപണം. ഹര്‍ജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിച്ചേക്കും.തെരഞ്ഞെടുപ്പ് കാലത്ത് ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ മഹിളാ റോജ്ഗര്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം കൈമാറി. ബിഹാര്‍ സര്‍ക്കാര്‍ സര്‍ക്കാറിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം കൈമാറുന്നതായിരുന്നു പദ്ധതി.
വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 എന്നിവ പ്രകാരം തെറ്റാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും പാര്‍ട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് ചെറുകിട ബിസിനസുകള്‍ ആരംഭിക്കുന്നതിനും സ്വയം തൊഴില്‍, സ്ത്രീ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകള്‍ക്ക് 10,000 രൂപയുടെ പ്രാരംഭ സാമ്പത്തിക ഗ്രാന്റ് നല്‍കുന്ന പദ്ധതിയായിരുന്നു മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജന.