ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ : ബിനു ചുള്ളിയൽ വർക്കിങ് പ്രസിഡൻ്റ്

ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ :  ബിനു ചുള്ളിയൽ  വർക്കിങ് പ്രസിഡൻ്റ്

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയിലേക്ക് നിലവിൽ സംസ്ഥാന വൈസ് പ്രസിഡൻ്റായ ജനീഷിനെ എഐസിസി നേതൃത്വം തെരഞ്ഞെടുത്തു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡൻ്റായും നേരത്തെ  ജനീഷ്  പ്രവർത്തിച്ചിട്ടുണ്ട്.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ആദ്യമായി വർക്കിങ് പ്രസിഡൻ്റ് പദവി നിലവിൽ  വന്നു.  ബിനു ചുള്ളിയലിനെയാണ്  ദേശീയ നേതൃത്വം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുത് .  കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡൻ്റ് കെഎം അഭിജിത്തിനെ ദേശീയ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട് .ലൈംഗികാരോപണങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെ കൂടുതൽ വോട്ട് നേടിയ അബിൻ വർക്കിയെ ഒഴിവാക്കിയാണ് ബിനു ചുള്ളിയലിനെ എഐസിസി നേതൃത്വം തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമായ കാര്യമാണ്.ഒജെ ജനീഷ്, ബിനു ചുള്ളിയൽ, അബിൻ വർക്കി, കെഎം അഭിജിത് എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ഡൽഹിയിൽ വിളിച്ചുവരുത്തി എഐസിസി നേതൃത്വം അഭിമുഖം നടത്തിയതിന് ശേഷമാണ് നിയമനം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. മികച്ച സംഘാടകനും വാഗ്മിയുമെന്ന നിലയിൽ വിദ്യാർഥി-യുവജന വിഭാഗങ്ങളിൽ നേരത്തെ തന്നെ ജനീഷ് തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഉടൻ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വർഷം ആദ്യമുള്ള നിയമസഭ തെരഞ്ഞെടുപ്പും നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് കരുത്തുറ്റ യൂത്ത് കോൺഗ്രസ് നേതൃത്വം അനിവാര്യമാണ്. ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഒജെ ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.