ജെ സി ഡാനിയേൽ പുരസ്‌കാരം ശാരദയ്ക്ക്

ജെ സി ഡാനിയേൽ പുരസ്‌കാരം ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് മുതിർന്ന നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് ജെ സി ഡാനിയേൽ അവാർഡ്. ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. 2017ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെംബർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മൂന്നാമത്തെ വനിത

കേരള സർക്കാരിൻ്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന മുപ്പത്തിരണ്ടാമത്തെ ചലച്ചിത്രപ്രതിഭയാണ് എൺപതുകാരിയായ ശാരദ. ജെ സി ഡാനിയേൽ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിത കൂടിയാണിവർ. അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി വിലയിരുത്തി.അറുപതുകൾ മുതലുള്ള രണ്ട് പതിറ്റാണ്ടുകളിലെ മലയാളി വനിതയെ തിരശ്ശീലയിൽ അനശ്വരയാക്കാൻ ശാരദയ്ക്ക് സാധിച്ചു. അന്നത്തെ കാലഘട്ടത്തിലെ സ്ത്രീകളുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകർച്ചകളോടെയാണ് ശാരദ അവതരിപ്പിച്ചത്. കേരള സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും ശാരദ അർഹയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ദേശീയ അംഗീകാരങ്ങൾ

1968ൽ 'തുലാഭാരം' എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ഇവരെ തേടിയെത്തിയത്. തുടർന്ന് 1972ൽ അടൂർ ഗോപാലകൃഷ്ണൻ്റെ 'സ്വയംവരം' എന്ന ചിത്രത്തിലൂടെയും 1977ൽ തെലുങ്ക് ചിത്രമായ 'നിമജ്ജന'ത്തിലൂടെയും ശാരദ ദേശീയ അംഗീകാരം നേടി. ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിച്ചത്.

1945 ജൂൺ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തിൽ വെങ്കിടേശ്വര റാവുവിൻ്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി 'ഇരുമിത്രലു' എന്ന ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വർക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഇണപ്രാവുകൾ' എന്ന ചിത്രത്തിലൂടെ 1965ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് എംടിയുടെ തിരക്കഥയിൽ വിൻസെൻ്റ് സംവിധാനം ചെയ്ത 'മുറപ്പെണ്ണ്', എംടിയുടെ തന്നെ തിരക്കഥയിൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത 'ഇരുട്ടിൻ്റെ ആത്മാവ്' എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിൻ്റെ പ്രിയങ്കരിയായി മാറി.ഉദ്യോഗസ്ഥ, യക്ഷി, അടിമകൾ, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികൾ, എലിപ്പത്തായം, രാപ്പകൽ തുടങ്ങി നൂറ്റിയിരുപത്തഞ്ചോളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഐഎഫ്എഫ്കെയിൽ റെട്രോസ്പെക്റ്റീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമ നടിയും ശാരദയാണ്.