ആൺകരുത്തിൻ്റെ പോരാട്ടവീര്യവുമായി ജെല്ലിക്കെട്ടിന്‌ തുടക്കം

ആൺകരുത്തിൻ്റെ പോരാട്ടവീര്യവുമായി ജെല്ലിക്കെട്ടിന്‌ തുടക്കം

ചെന്നൈ: 2026 ലെ പൊങ്കൽ വിളവെടുപ്പ് ഉത്സവ സീസണിലെ മൂന്ന് പ്രധാന പരിപാടികളിൽ ആദ്യത്തേതായ പരമ്പരാഗത കാളയെ മെരുക്കുന്ന  മൂന്നുദിവസം നീണ്ടുനിൽക്കുന്ന കായിക വിനോദം 'ജെല്ലിക്കെട്ടി'ന് ഇന്ന് തുടക്കം.  മാട്ടുപൊങ്കൽ ദിനത്തിൽ ആരംഭിച്ച  തമിഴ്‌നാട്ടിലെ  ആൺകരുത്തിൻ്റെ ഈ പോരാട്ട മത്സരത്തിൽ  വിജയിയാകുന്നയാൾക്ക് ഒരു കാർ, ട്രാക്ടർ, മറ്റ് ആകർഷകമായ സമ്മാനങ്ങൾ എന്നിവ ലഭിക്കും.1100 പേരാണ് മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തത്.

മധുരയിലെ അവനിയാപുരത്താണ്  ആവേശോജ്ജ്വലമായ  മത്സരം ഇന്ന് നടക്കുന്നത് . വിവിധ ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവന്ന ജെല്ലിക്കെട്ട് കാളകൾ ഇന്ന്  മനുഷ്യവീരന്മാരുമായി   പോരാടും . തിരുപ്പരൻകുണ്ഡ്രം റോഡിലെ ഭദ്രകാളി അമ്മൻ ക്ഷേത്രത്തിനടുത്തുള്ള മൈതാനത്ത് വച്ചാണ് മത്സരം നടക്കുന്നത്. മന്ത്രിമാരായ മൂർത്തിയും പളനിവേൽ ത്യാഗരാജനും മത്സരത്തിൻ്റെ   ഉദ്‌ഘാടനകർമ്മം നിർവഹിച്ചു .

മധുര, വിരുദുനഗർ, ശിവഗംഗ, രാമനാഥപുരം, തേനി, ഡിണ്ടിഗൽ, ട്രിച്ചി തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള ആയിരത്തിലധികം കാളകൾ ഈ ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ കാളയെ മെരുക്കാനായി പല സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളും ഇവിടെ എത്തിയിട്ടുണ്ട്.ഓരോ മണിക്കൂറിലും 80 മുതൽ 90 വരെ കാളകളെ വാടിവാസൽ (പ്രവേശന കവാടം) വഴി തുറന്നുവിടാനുള്ള ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി. മത്സരം കാണാനായി പതിനായിരക്കണക്കിന് ആളുകളും മൈതാനത്ത് ഒത്തുകൂടിയിട്ടുണ്ട്. സുരക്ഷയ്ക്കായി 2,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ജെല്ലിക്കെട്ട് മത്സരം

കാളയുടെ കൊമ്പിൽ കെട്ടിയ കിഴി എന്നാണ് ജെല്ലിക്കെട്ട് എന്ന പേരിൻ്റെ അർഥം. ആ കിഴി കൈയ്യടക്കാൻ വേണ്ടി വാടിവാസലിലൂടെ ഓടി വരുന്ന കാളകളെ വെറും കൈയ്യാൽ പിടിച്ചു നിർത്തുന്നതാണ് മത്സരം. ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ വർഷങ്ങൾക്കു മുൻപേ തുടങ്ങണം. പ്രത്യേക ആഹാരം നൽകിയാണ് ജെല്ലിക്കെട്ട് കാളയെ വളർത്തുക. അഞ്ചോ ആറോ വയുസുള്ള കാളകളെയായിരിക്കും ജെല്ലിക്കെട്ടിന് ഇറക്കുക. ആ കാളകളെ പിടിച്ചുകെട്ടുന്നവർ വീരൻമാർ. അവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

പ്രത്യേക ഭക്ഷണം

കഴിഞ്ഞ രണ്ട് മാസത്തിലധികമായി ജെല്ലിക്കെട്ട് മത്സരത്തിനായി ഉടമകൾ കാളകൾക്ക് പ്രത്യേക പരീശിലനം നൽകുന്നുണ്ട്. രാവിലെയും വൈകുന്നേരവും നടത്തവും, നീന്തൽ പരിശീലനവും എല്ലാം നൽകുന്നുണ്ട്. കൂടാതെ ഇവക്ക് പച്ചപ്പുല്ല്, പരുത്തി വിത്തുകൾ, അരി, ചോളം, ശർക്കര, ഈത്തപ്പഴം എന്നിവ ഉൾപ്പെടുത്തി കൊണ്ടായിരിക്കും ഭക്ഷണം നൽക്കുക.

ഈ ജെല്ലിക്കെട്ട് മത്സരത്തിൽ ഓരോ റൗണ്ടിലും 50 പേർ പങ്കെടുക്കും. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും കാളകളെയും അവയെ മെരുക്കുന്നവരെയും മത്സരത്തിൽ പങ്കെടുപ്പിക്കുക. കാറുകൾ, ഇരുചക്രവാഹനങ്ങൾ, വാർഡ്രോബുകൾ, കിടക്കകൾ, സ്വർണ നാണയങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.