ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു നേതാവാണ് നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് മേവാനി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് കൺവീനറുമായ ജിഗ്‌നേഷ് മേവാനി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു നേതാവാണ് നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് മേവാനി ആരോപിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
'പ്രധാനമന്ത്രിയുടെ വിദേശനയം തികച്ചും തെറ്റാണ്. രാജ്യത്തിൻ്റെ താത്‌പ്പര്യങ്ങൾ വിട്ട് വീഴ്‌ച ചെയ്‌ത് കൊണ്ടാണ് ഓരോ കാര്യങ്ങളും നടപ്പാക്കുന്നത്. അക്കാര്യം ഇന്ത്യൻ ജനതയ്‌ക്ക് മനസിലായിട്ടുണ്ടെന്നും ജിഗ്‌നേഷ് മേവാനി അവകാശപ്പെട്ടു'. യുഎസ്, ഇസ്രയേൽ, ഇറാൻ സംഘർഷത്തെക്കുറിച്ചും അദ്ദേഹം അപലപിച്ചു. കൂടാതെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്‌തു.നിലവിൽ പശ്ചിമേഷ്യയിലെ സ്ഥിതി തികച്ചും ഭയാനകമാണെന്നും മോദിയുടെ വിദേശനയം വിനാശകരമാണെന്നും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ മേവാനി വ്യക്തമാക്കി. മോദി ട്രംപിൻ്റെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ വിദഗ്‌ധനല്ലെന്നും എന്നാൽ മാനവികതയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും എനിക്കറിയാമെന്നും മേവാനി പറഞ്ഞു. ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രിയെ ആവശ്യമില്ലെന്ന് മേവാനി വിമർശിച്ചു.ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പാർട്ടിയെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി ഇതിനായുള്ള പരിശ്രമത്തിലാണ്. ഗുജറാത്തിലുടനീളം സഞ്ചരിക്കുകയും ജനങ്ങളെ കണ്ട് സംസാരിക്കുകയും ചെയതു. ഒപ്പം 'ജൻ ആക്രോശ്' എന്ന പേരിൽ റാലിയും നടത്തിയെന്ന് മേവാനി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ജനങ്ങളുടെ എല്ലാ ആശങ്കകളും പരാതികളും കേട്ടുവെന്നും പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.