ജെ .എൻ.യു വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ. നാളെ ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ആഹ്വനം

ജെ .എൻ.യു  വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ. നാളെ ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ആഹ്വനം

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂലിപുരി പണ്ഡിറ്റിൻ്റെ സമീപകാല പോഡ്‌കാസ്റ്റ് പ്രസ്‌താവന കാമ്പസിൽ പ്രതിഷേധം ആളിക്കത്തിച്ചു. 

"ഫെബ്രുവരി 16 ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിലെ പ്രസ്‌താവനകൾ ജാതിവിരുദ്ധവും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന്," വിദ്യാർഥി യൂണിയൻ ആരോപിച്ചു. സംഭവത്തിൽ നാളെ (ഫെബ്രു: 21) ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാനും വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കാനും രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളോടും യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു.കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥി യൂണിയൻ പ്രതിഷേധം നടത്തുന്നുണ്ടെന്ന് മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻ്റ് നിതീഷ് കുമാർ പറഞ്ഞു.

ഒരു പോഡ്‌കാസ്റ്റിൽ യുജിസിയുടെ ഇക്വിറ്റി നിയന്ത്രണങ്ങളെ അനാവശ്യവും യുക്തിരഹിതവും എന്ന് വൈസ് ചാൻസലർ വിശേഷിപ്പിച്ചു. ദളിത് സമൂഹത്തെയും അവർ ആക്ഷേപിച്ചു. ഈ പ്രസ്‌താവനകൾ , സാമൂഹിക നീതിയുടെയും സമത്വത്തിൻ്റെയും മൂല്യങ്ങൾക്കുമെതിരെയുള്ള ആക്രമണമാണെന്ന്, വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു."ജെഎൻയു പോലുള്ള ഒരു പുരോഗമന കാമ്പസിൻ്റെ അന്തസിനും ആത്മാഭിമാനത്തിനും നേരെയുള്ള ആക്രമണമാണ് ഇത്തരം വാക്കുകൾ.വൈസ് ചാൻസലർ പരസ്യമായി ക്ഷമാപണം നടത്തണം. ഇത് സംഭവിച്ചില്ലെങ്കിൽ, പ്രതിഷേധങ്ങൾ ശക്തമാക്കുമെന്ന് അവർ അറിയിച്ചു.

യൂണിയൻ അംഗങ്ങളെ ഭീഷണിപ്പെടുത്താനും അതിരുകടന്ന് പ്രവർത്തിക്കാനും സുരക്ഷാ ജീവനക്കാരെ നിരന്തരം അയയ്ക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു."ഒരു സമ്മർദ്ദത്തിനും ഞങ്ങൾ വഴങ്ങില്ല, ഞങ്ങളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും," അവർ പറഞ്ഞു. വിദ്യാർഥി യൂണിയൻ വിസിക്കെതിരെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. വൈസ് ചാൻസലറുടെ വാക്കുകൾ സർവകലാശാല കാമ്പസിലെ സാമൂഹിക നീതിയുടെയും സമത്വത്തിൻ്റെയും ആശയത്തെ വ്രണപ്പെടുത്തിയെന്ന് ജെഎൻയുഎസ്‌യു പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു."ഇതാണോ ലോകവീക്ഷണം? സർവകലാശാല പോലുള്ള ഒരു പൊതു സ്ഥാപനത്തിൽ, സമത്വം, സാമൂഹിക നീതി, ഉൾകൊള്ളൽ എന്നിവയുടെ ഭരണഘടനാ മൂല്യങ്ങളോടുള്ള ബഹുമാനം പരമപ്രധാനമായിരിക്കണമെന്ന്" വിദ്യാർഥി നേതാക്കൾ പറഞ്ഞു.

ജെഎൻയു സ്റ്റുഡൻ്റസ്‌ യൂണിയൻ ഭാരവാഹികളായ പ്രസിഡൻ്റ് അദിതി മിശ്ര, വൈസ് പ്രസിഡൻ്റ് കെ ഗോപിക, ജനറൽ സെക്രട്ടറി സുനിൽ യാദവ്, ജോയിൻ്റ് സെക്രട്ടറി ഡാനിഷ് അലി, മുൻ വിദ്യാർഥി യൂണിയൻ പ്രസിഡൻ്റ് നിതീഷ് കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്യാനും സർവകലാശാല ഭരണകൂടം തീരുമാനമെടുത്തിരുന്നു. കൂടാതെ നിരവധി വിദ്യാർഥികൾക്ക് 20,000 രൂപ വീതം കാമ്പസ് പിഴ ചുമത്തി. ഇതേ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥികൾ പ്രതിഷേധം നടത്തിവരികയാണ്.