ജാതിഅധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ച JNU വിദ്യർഥികള്‍ ജയിൽമോചിതരായി

ജാതിഅധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ച JNU വിദ്യർഥികള്‍ ജയിൽമോചിതരായി

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ജാതി അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ച വിദ്യർഥികള്‍ ജയിൽമോചിതരായി. ജെഎൻയുവിൽനിന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക്‌ വൈസ് ചാന്‍സിലര്‍ക്കെതിരെ പ്രതിഷേധം നടത്തിയ 14 വിദ്യാർഥികളെയാണ്‌ പൊലീസ്‌ ജയിലിലടച്ചത്‌.നേരത്തെ കോടതി ജാമ്യം നൽകിയിട്ടും ജെഎൻയു വിദ്യാർഥികളെ തിഹാർ ജയിലിടുകയായിരുന്നു. ഒടുവിൽ വിദ്യാർഥികളെ തടങ്കലിൽ നിന്ന്‌ മോചിപ്പിക്കണമെന്ന്‌ പട്യാല ഹ‍ൗസ്‌ കോടതി ഉത്തരവിടുകയായിരുന്നു. ജെഎൻയുഎസ്‌യു പ്രസിഡൻ്റ് അദിതി, വൈസ് പ്രസിഡൻ്റ് ഗോപിക, ജോയിൻ്റ് സെക്രട്ടറി ഡാനിഷ്, മുൻ പ്രസിഡൻ്റ് നിതേഷ് കുമാർ, എഐഎസ്‌എയുടെ അഖിലേന്ത്യാ പ്രസിഡൻ്റ് നേഹ എന്നിവരെയുള്‍പ്പെടെയാണ് ജയിലിൽ അടച്ചത്.

വെള്ളിയാഴ്‌ച രാവിലെ തന്നെ വിദ്യാർഥികൾക്ക്‌ കോടതി ജാമ്യം നൽകിയെങ്കിലും വിട്ടയക്കാൻ പൊലീസ്‌ തയാറായിരുന്നില്ല. ചില നടപടിക്രമങ്ങളുണ്ടെന്നും അത്‌ പൂർത്തിയാകാതെ വിദ്യാർഥികളെ വിട്ടയക്കാനാവില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. തുടർന്ന്‌ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ വിദ്യാർഥികളെ അടിയന്തരമായി വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുകയായിരുന്നു.പ്രതിഷേധക്കാര്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ "ജനാധിപത്യ അവകാശങ്ങളുടെ വിജയമാണെന്ന് വിദ്യാർഥി യൂണിയൻ" ഇതിനെ വിശേഷിപ്പിച്ചു. കൂടാതെ വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ വിജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയില്‍ ഇനിയും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും വിദ്യാർഥി യൂണിയനുകള്‍ വ്യക്തമാക്കി.പട്യാല ഹൗസ് കോടതി ആദ്യം വാദം കേട്ടിരുന്നുവെങ്കിലും അവരുടെ മോചനം വൈകിയിരുന്നു. ഈ സമയത്ത് അവർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. പിന്നാലെ ഇവരെ തിഹാർ ജയിലിലേക്ക് അയക്കുകയായിരുന്നു. ഫെബ്രുവരി 26 നാണ് യൂണിവേഴ്‌സിറ്റി ഭരണകൂടത്തിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർഥി യൂണിയൻ ജെഎൻയു കാമ്പസിൽ ഉടനീളം മാർച്ച് നടത്തിയത്