ജോഗ്‌ദൽ കൂട്ടക്കൊലപാതകം: ഇരകൾക്ക് നീതി ലഭിക്കണം, പതിനാറ് വർഷങ്ങൾക്ക് ശേഷം മനുഷ്യാവകാശ കമ്മിഷന് ഹർജി

ഗുവാഹത്തി: കൊലപാതക കേസിൽ മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും നീതിയുക്തവും സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാൻ ഇടപെടണമെന്നും കമ്മിഷനോട് ആവശ്യപ്പെട്ടു.അസമിൽ നിന്നുള്ള സംഘടനയാണ് ഹർജി സമർപ്പിച്ചത്. അസമിലെ കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലെ ജോഗ്‌ദൽ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ ആറ് പേരെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയിട്ട് പതിനാറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇരകൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല എന്ന് സംഘടന കമ്മിഷനെ അറിയിച്ചു.
തുടർന്ന് കേസ് അന്വേഷിക്കണമെന്ന് ഡിമോറിയ ബികാഷ് മഞ്ച് എൻഎച്ച്ആർസി ചെയർമാൻ ജസ്‌റ്റിസ് വി ആർ രാമ സുബ്രഹ്മണ്യനോട് ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കുമെന്ന് മഞ്ചിൻ്റെ മുഖ്യ ഉപദേഷ്‌ടാവ് ദിബ്യജ്യോതി മേധി ഉറപ്പു നൽകി."കൊലപാതകം നടന്ന് പതിനാറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇരകൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. എന്നാൽ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കമ്മിഷന് കഴിയുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു", എന്ന് സംഘടന പറയുന്നു. കൂടാതെ കുറ്റകൃത്യത്തിനും നീതി തടസപ്പെടുത്തലിനും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കൂട്ടിച്ചേർത്തു.
2009 ൽ നടന്ന ദാരുണമായ കൊലപാതകം
2009 ഡിസംബർ 12 ന് രാത്രിയാണ് അതി ദാരുണമായ കൊലപാതകം നടന്നത്. വീട്ടിൽ എത്തിയ അജ്ഞാതരായ അക്രമികൾ ഹരകാന്ത ഡോളോയി, ഭാര്യ സ്വപ്‌ന, മൂന്ന് കുട്ടികൾ, മരുമകൻ എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഈ പ്രദേശത്ത് ആഢംബര ഹോട്ടൽ പണിയുന്നതിനായി ഭൂമി സ്വന്തമാക്കാൻ ശ്രമിച്ച രാഷ്ട്രീയ നേതാക്കളുമായി ഈ കൊലപാതകങ്ങൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സംഘടന അറിയിച്ചു.ഗ്രാമവാസിയായിരുന്ന ഡോളോയി എന്നയാൾ ഒരു പാവപ്പെട്ട കർഷകനായിരുന്നു. കുടുംബം സാമ്പത്തികമായി പല പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഒരു വ്യക്തിയുമായോ ഗ്രൂപ്പുമായോ യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ല എന്നും പറയുന്നു.കൊലപാതകത്തിൽ 2009ലെ അസം സർക്കാരിലെ ഒരു മന്ത്രിയുടെ പങ്കാളിത്തവും സംശയിക്കുന്നതിനാൽ അന്വേഷണം മനപ്പൂർവ്വം ദുർബലപ്പെടുത്തി എന്ന് ഹർജിയിൽ പറയുന്നു. അന്ന് കോൺഗ്രസ് ആയിരുന്നു ഭരണത്തിൽ.
അന്വേഷണത്തിൻ്റെ നാൾവഴികൾ
കൊലപാതകത്തിന് ശേഷം സോനാപൂർ പൊലീസ് നടത്തിയ അന്വേഷണം നിഷ്‌പക്ഷമോ കാര്യക്ഷമമോ ആയിരുന്നില്ല എന്ന് ഹർജിയിൽ ആരോപിക്കുന്നു. നേരെമറിച്ച്, സംഭവത്തിന് ശേഷം ഇരയുടെ വീട് കത്തിച്ചത് ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ നശിപ്പിക്കാൻ ഗുരുതരമായ ശ്രമങ്ങൾ നടന്നതായും ചൂണ്ടിക്കാട്ടി.
2012 സെപ്റ്റംബർ 5 ന് പ്രധാന പ്രതിയായ അർജുൻ ബോർഡോലോയ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്നും ഇത് അന്വേഷണത്തിൽ കൂടുതൽ ആശങ്കകൾ ഉയർത്തുന്നുവെന്നും പറയുന്നു. തുടർന്ന് കേസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (സിഐഡി) കൈമാറുകയായിരുന്നു.അന്വേഷണത്തിൻ്റെ ഭാഗമായി 2017 ഡിസംബർ 7 ന് സോനാപൂർ പൊലീസ് സ്‌റ്റേഷനിലെ അന്നത്തെ ഓഫിസർ ഇൻ-ചാർജ് ആയിരുന്ന പ്രണബ് കുമാർ ദേക, കേസിൻ്റെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ എം ചൗധരി എന്നീ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി മനപ്പൂർവ്വം തെളിവുകൾ നശിപ്പിച്ചതിന് അറസ്‌റ്റ് ചെയ്‌തു.
പിന്നീട് ഒരു വർഷത്തിന് ശേഷം സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറി. എന്നാൽ വർഷങ്ങളായി നിരവധി പ്രാദേശിക, സാമൂഹിക സംഘടനകൾ സമർപ്പിച്ച നിരന്തരമായ പ്രതിഷേധങ്ങളും നിവേദനങ്ങളും ഉണ്ടായിരുന്നിട്ടും, ബന്ധപ്പെട്ട അധികാരികൾ പ്രതികരിക്കുകയോ നടപടി എടുക്കുകയോ ചെയ്‌തിട്ടില്ല എന്നും ചൂണ്ടിക്കാട്ടി.