"പാലായിൽ ജയിക്കാം എന്ന് സ്വപ്‌നം പോലും ജോസ് കെ മാണി കാണേണ്ട" : മാണി സി കാപ്പൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിക്കെതിരെ രൂക്ഷവിമർശനവുമായി പാലാ എംഎൽഎ മാണി സി കാപ്പൻ. യുഎഡിഎൽ ചേരുന്നതിനായി ജോസ് കെ മാണി കോൺഗ്രസ് നേതാക്കളെ കണ്ടുവെന്ന് ആരോപിച്ച മാണി സി കാപ്പൻ, പക്ഷേ പാലായിൽ ജയിക്കാം എന്ന് സ്വപ്‌നം പോലും ജോസ് കെ മാണി കാണേണ്ടന്നും പറഞ്ഞു. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസിന് കഴിയുമോയെന്ന് മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്‌തു. പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ വേണ്ടത്ര ഇടപെടുന്നില്ലെന്ന് ജോസ് കെ മാണി ആരോപിച്ചതിന് പിന്നാലെയാണ് മാണി സി കാപ്പൻ വിമർശനവുമായി രംഗത്തെത്തിയത്. വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി കാപ്പന്‍ മറുപടി നല്‍കി. പാലായിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നും അവർക്ക് കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണവുമായി ജോസ് കെ മാണി
പാലായുടെ വികസനത്തിനായി മാണി സി കാപ്പൻ ഒന്നും ചെയ്‌തിട്ടില്ലെന്നും ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ മാണി നേരത്തെ ആരോപിച്ചു. പാലായിൽ കെ എം മാണി നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും അതിനപ്പുറം മാണി സി കാപ്പൻ എന്ത് ചെയ്തെന്നും ജോസ് കെ മാണി ചോദിച്ചു. പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.ജില്ലാ വികസന അവലോകന യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുക്കുന്നില്ലെന്നും വികസനം മുടക്കുന്നത് ജോസ് കെ മാണിയാണെന്ന് പറഞ്ഞു നടക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ വികസനം ഒരു മാതൃകയായി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൂണ്ടിക്കാണിക്കാന്‍ പ്രാദേശികമായ ഒരു പദ്ധതിയെങ്കിലും നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.