മീരാ-ഭയന്തർ നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ കെ. പി.നാരായണൻ നമ്പ്യാർ

മീരാ-ഭയന്തർ  നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ  കെ. പി.നാരായണൻ നമ്പ്യാർ

മീരഭയന്തർ: നഗരസഭാതെരഞ്ഞെടുപ്പിൽ  പ്രചാരണരംഗത്ത്  സജീവമായിരിക്കയാണ്  വാർഡ് നമ്പർ 17/Dൽ ,കോൺഗ്രസ് പാർട്ടി ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർഥി  കെ. പി. നാരായണൻ നമ്പ്യാർ. സാമൂഹ്യസേവന രംഗത്ത് ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം മീരഭയന്തറിലെ ജനങ്ങൾക്ക് സുപരിചിതനാണ് .വാർഡിലെ ഈ ചിരപരിചിതത്വ൦ തന്നെയാണ് വോട്ടർമാർ തന്നോടൊപ്പം നിൽക്കുമെന്ന ശുഭ പ്രതീക്ഷ അദ്ദേഹത്തിലെ ആത്മവിശ്വാസത്തെ വർദ്ദിപ്പിക്കുന്നത് .

മീരാറോഡിലെ ശീതൾ നഗറിലുള്ള വുഡ്‌ലാൻഡ് ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന കെ. പി. നാരായണൻ നമ്പ്യാർ, കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരം സ്വദേശിയാണ്. മുംബൈ ഉപനഗരങ്ങളിൽ താമസിക്കുന്ന മലയാളി സമൂഹത്തിനിടയിൽ ഒരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമേയില്ലാത്ത വ്യക്തിത്വമാണ് നാരായണൻ നമ്പ്യാരുടേത് എന്ന് അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന മീരാറോഡിലെ മലയാളികൾ പറയുന്നു. 

മീരറോഡ് അയ്യപ്പ ക്ഷേത്രത്തിന്റെ സെക്രട്ടറി സ്ഥാനവും കേരള സംസ്കാരിക വേദിയുടെ മാനേജിംഗ് കമ്മിറ്റി അംഗത്വവും വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മീരഭായന്ദർ മുൻ എംഎൽഎ ഗീത ജെയിനിന്റെ അടുത്തഅനുയായി ആയിരുന്ന  നമ്പ്യാരുടെ ,കോവിഡ് മഹാമാരി കാലഘട്ടത്തിൽ പൊതുജനങ്ങൾക്ക് നൽകിയ സേവനങ്ങളും സഹായങ്ങളും മീരഭയന്തർ മേഖലയിലെ സമൂഹം ഏറെ പ്രശംസയോടെയാണ് വിലയിരുത്തുന്നത്. 

ദുരിതകാലത്ത് ദേശഭാഷാരാഷ്ട്രീയ വ്യത്യസമില്ലാതെ  ആവശ്യക്കാർക്ക് ഭക്ഷണസഹായം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.  ഈ നിസ്വാർത്ഥമായ സേവനങ്ങൾക്കുള്ള അംഗീകാരമായി 2022ൽ അദ്ദേഹത്തിന് ‘ഹ്യൂമാനിറ്റേറിയൻ 'അവാർഡും ലഭിച്ചിട്ടുണ്ട് .സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് കെ. പി. നാരായണൻ നമ്പ്യാർ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരുന്നത്. വാർഡിൻ്റെ  സമഗ്ര വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് തന്റെ സ്ഥാനാർഥിത്വമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യസേവനത്തിലൂടെ നേടിയ വിശ്വാസവും പിന്തുണയും ഈ തിരഞ്ഞെടുപ്പിൽ തനിക്കു ശക്തിയാകുമെന്നും തന്നെ അറിയുന്ന  പ്രദേശത്തെ  വോട്ടർമാർ കൂടെനിൽക്കുമെന്നും  അദ്ദേഹം 'വേൾഡ് എം ന്യൂസി'നോട് പറഞ്ഞു.എന്തായാലും ഈ തീരഞ്ഞെടുപ്പ് മത്സരത്തിൽ   'മാൻ ഓഫ് ദ മേച്ച്'ആകുമെന്നുതന്നെയാണ് തൻ്റെ ചിഹ്നമായ 'ബാറ്റ് ' ഉയർത്തികൊണ്ട് നാരായണൻ നമ്പ്യാർ പറയുന്നത്.