കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല, മുൻ മേയർ ടി ഒ മോഹനൻ സ്ഥാനാർത്ഥിയാകും

കണ്ണൂരിൽ  കെ സുധാകരന് സീറ്റില്ല,  മുൻ മേയർ ടി ഒ മോഹനൻ സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ല.കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ കണ്ണൂരിൽ സ്ഥാനാർത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ ആയിരിക്കും മത്സരിക്കുക.

കണ്ണൂരില്‍ സീറ്റില്ലെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍  ഒരുങ്ങുകയാണ് കെ സുധാകരന്‍. സ്ഥാനാർത്ഥി  പട്ടിക പുറത്തു വന്നുകഴിഞ്ഞാല്‍ പിന്നാലെ തന്നെ പ്രതികരണമുണ്ടാകും.12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.