ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അനധികൃതമാണെന്ന് കാട്ടി പൊതുതാത്‌പര്യ ഹർജി

എറണാകുളം: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അനധികൃതമാണെന്ന് കാട്ടി ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചു. ചട്ടങ്ങൾ പാലിക്കാതെ കലൂർ സ്‌റ്റേഡിയം നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയതിനെതിരെ അഭിഭാഷകനായ വിനായക് സച്ചിനാണ് കോടതിയിയെ സമീപിച്ചിരിക്കുന്നത്. ടെൻഡർ വിളിക്കാതെ സ്‌റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് കൈമാറിയെന്നാണ് ഹർജിക്കാരൻ്റെ ആരോപണം. കരാറോ, പാരിസ്ഥിതിക അനുമതിയോ നേടാതെയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.ഫുട്‌ബോൾ താരമായ മെസിയും അർജൻ്റീന ടീമും നവംബർ പതിനേഴിന് എത്തുമെന്ന് പ്രചരിപ്പിച്ച് കലൂർ സ്‌റ്റേഡിയം നവീകരിക്കാനായി ചട്ടങ്ങൾ ലംഘിച്ച് സ്പോൺസർക്ക് കൈമാറിയ നടപടിയെ ചോദ്യം ചെയ്‌താണ് ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിക്കപ്പെട്ടത്. പൊതുസ്വത്ത്, നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നത് നിയമലംഘനമാണ് എന്ന് പറയുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവോ, കരാറോ പൊതുമധ്യത്തിൽ ലഭ്യമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.കരാർ രേഖകൾ തേടി കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന മറ്റൊരു വിവരം. സുതാര്യമായ ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാൻ നിർദേശം നൽകണം എന്നും ഹർജിയിൽ പ്രത്യേകം പറയുന്നു. സ്‌റ്റേഡിയത്തിൽ നടക്കാനിരുന്ന മത്സരം മാറ്റിവച്ചെങ്കിലും സ്‌റ്റേഡിയത്തിൽ നിർമാണ പ്രവൃത്തികൾ നടന്ന് വരികയാണ്. എന്നാൽ നിർമാണത്തിൻ്റെ പേരിൽ സ്‌റ്റേഡിയത്തോട് ചേർന്ന് നിൽക്കുന്നതും സമീപത്തുള്ളതുമായ മരങ്ങൾ മുറിച്ചുമാറ്റുന്നുമുണ്ട്.കലൂർ സ്‌റ്റേഡിയത്തിൽ നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഓഡിറ്റ് ചെയ്യാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല കരാറുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ, സ്വകാര്യ സ്ഥാപനത്തിന് സ്‌റ്റേഡിയം കൈമാറിയതും സ്പോൺസർഷിപ്പും റദ്ദാക്കണമെന്നും ഉന്നയിച്ചിട്ടുണ്ട്.