കമ്പൽപാഡ അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭഗവത് സപ്താഹയജ്ഞ൦ നാളെ ആരംഭിക്കും

മുംബൈ: ഡോംബിവ്‌ലി ഈസ്റ്റ്, താക്കൂർളി കമ്പൽപാഡ അയ്യപ്പക്ഷേത്രത്തിൻ്റെ പന്ത്രണ്ടാമത് ശ്രീമത് ഭാഗവത സപ്താഹയജ്ഞവും പതിനാലാമത് പ്രതിഷ്ഠ വാർഷികവും നാളെ ആരംഭിക്കും.ജനുവരി 16 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് യജ്ഞാചാര്യൻ ബ്രഹ്‌മശ്രീ മാത്രാസുന്ദരേശൻ സനാതനം മുഖ്യ കാർമികത്വംവഹിക്കും.യജ്ഞത്തിൻ്റെ ഭാഗമായി നടക്കുന്ന 'ശ്രീകൃഷ്‌ണ വിഗ്രഹ ഘോഷയാത്ര' നാളെ (ജനു:16) വൈകുന്നേരം 5 മണിക്ക് ബോയിർവാടി ശിവക്ഷേത്രത്തിൽ നിന്നും രഥം, താലപ്പൊലി, ചെണ്ടമേളം, മുത്തു കുട എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് 6 മണിക്ക് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും .
ബ്രഹ്മശ്രീ മാത്ര സുന്ദരേശൻ സനാതനം, മറ്റു യജ്ഞ പൗരാണികർ എന്നിവരെ ക്ഷേത്രം മേൽശാന്തി പൂർണ്ണ കുംഭം നൽകി യഞ്ജ വേദിയിലേക്ക് ആനയിക്കും .തുടർന്ന് ഭദ്രദീപ പ്രകാശനം നടക്കും.7 മണിക്ക് ഭാഗവത മാഹാത്മ്യ പ്രഭാഷണം ആരംഭിക്കും. ജനുവരി 23 ന് നടക്കുന്ന അവഭ്യഥ സ്നാനം (Avabhritha Snanam)യജ്ഞ സമർപ്പണ പൂജ,പ്രസാദം ഊട്ട് എന്നിവയോടുകൂടി ഭാഗവത സപ്താഹയജ്ഞത്തിന് പരിസമാപനം കുറിക്കും.
ക്ഷേത്രത്തിൻ്റെ പതിനാലാം പ്രതിഷ്ഠാവാർഷികം ജനു: 25,26 തീയ്യതികളിൽ നടക്കും. 25 ന് രാവിലെ 5.30 ന് നടക്കുന്ന മഹാഗണപതിഹോമത്തോടെ വാർഷിക പൂജാ കർമ്മങ്ങൾ ആരംഭിക്കും.26 ന് രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച് പതിവുപൂജകൾക്ക് ശേഷം രാത്രി 9 മണിക്ക് നടക്കുന്ന അത്താഴപൂജ തുടർന്ന് നടക്കുന്ന പ്രസാദവിതരണം എന്നിവയോടുകൂടി പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ അവസാനിക്കും.
ദൈവഹിതവും ക്ഷേത്രത്തിലെ ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളും അറിയുന്നതിനായി ജനുവരി 29 ,30, 31 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) 'അഷ്ടമംഗല്യ ദേവപ്രശ്നം 'ക്ഷേത്രത്തിൽ വെച്ച് നടക്കും.കേരളത്തിലെ പ്രസിദ്ധ ജ്യോതിഷ പണ്ഡിതൻ ദൈവജ്ഞരത്നം സുഭാഷ് ഗുരുക്കൾ ഇതിന് കാർമികത്വംവഹിക്കും. അഷ്ടമംഗല്യ പ്രശ്നദിനത്തിൽ മുഴുവൻ ഭക്തജനങ്ങൾക്കും അയ്യപ്പൻ്റെ പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
