ജില്ലാ കലോത്സവം : കണ്ണൂരിൽ ആരോഗ്യ വകുപ്പിൻ്റെ വ്യാപക പരിശോധന

 ജില്ലാ കലോത്സവം : കണ്ണൂരിൽ ആരോഗ്യ വകുപ്പിൻ്റെ   വ്യാപക  പരിശോധന

കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തെ മുന്നോടിയായി  നഗരത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ  പരിശോധന നടന്നു . പ്രധാന വേദികൾ, പാചകശാലകൾ, സ്റ്റോർറൂമുകൾ, കുടിവെള്ള സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാകെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.

കണ്ണൂർ ടൗൺ ഭാഗത്ത് ഭക്ഷ്യ-പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിക്കപ്പെട്ടതിൽ പഴകിയ പാൽ   , ഐസ്‌ക്രീം, ഫലവർഗങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചു. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും ജലഗുണനിലവാര പരിശോധന റിപ്പോർട്ട് ഉണ്ടാകാത്തതുമാണ് കൂടുതലായി കണ്ടെത്തപ്പെട്ട ക്രമക്കേടുകൾ. ഒരു സ്ഥാപനത്തിന് ശുചിത്വ മാനദണ്ഡം പാലിക്കാത്തതിനാൽ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.കലോത്സവ ദിനങ്ങളിൽ പ്രധാന വേദികൾക്ക് സമീപമുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈനി ഹരിദാസ്, ജില്ലാ സർവേലൻസ് ഓഫിസർ ഡോ. കെ. സി. സച്ചിൻ, പബ്ലിക് ഹെൽത്ത് സ്പെഷ്യൽ ചാർജ് സി. പി. സലിം എന്നിവർ ഉൾപ്പെട്ട യോഗത്തിൽ കലോത്സവവുമായി ബന്ധപ്പെട്ട ശുചിത്വ-സുരക്ഷാ നിർദ്ദേശങ്ങൾ വിശദീകരിച്ചിരുന്നു.ജില്ലാമെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ. കെ. ടി. രേഖയുടെ നിർദേശപ്രകാരം നടന്ന പരിശോധനയ്ക്ക് ടെക്നിക്കൽ അസിസ്റ്റൻറ് കെ. ജി. ഗോപിനാഥൻ, എം. ബി. മുരളി, പാപ്പിനിശ്ശേരി ഹെൽത്ത് സൂപ്പർവൈസർ എം. കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർ എൻ. അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.     

ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍ നവമ്പർ 22 വരെ കണ്ണൂര്‍ നഗരത്തിലെ 13 വേദികളിലായി നടക്കും. പ്രധാന വേദി കണ്ണൂര്‍ ജി വി എച്ച് എസ് എസ് സ്‌പോര്‍ട്‌സില്‍ ഒരുക്കും. കലോത്സവത്തിന്റെ വിപുലമായ നടത്തിപ്പിന്  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചെയര്‍മാനായും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി ജനറല്‍ കണ്‍വീനറായും സംഘടക സമിതി രൂപീകരിച്ചിട്ടുണ്ട്.കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്‌നകുമാരി എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്മാരായി പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ എന്‍.വി ശ്രീജിനി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.